ബിജെപിക്കെതിരേ പടയൊരുക്കം
Friday, June 9, 2023 1:05 AM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരേ പൊതുസ്ഥാനാർഥികളെ അണിനിരത്താൻ പ്രതിപക്ഷ കക്ഷികളുടെ നീക്കം.
ബിഹാറിലെ പാറ്റ്നയിൽ 23നു നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കും. 543 ലോക്സഭാ മണ്ഡലങ്ങളിൽ 450 ഇടത്തും ബിജെപിക്കെതിരേ സംയുക്ത പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥി മത്സരിക്കണമെന്നാണു നിലവിലെ ധാരണ. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ഇതല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
തെലുങ്കാന, ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്, ബംഗാൾ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ നിർദേശം എത്രത്തോളം പ്രായോഗികമാകുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്.
ഈ സംസ്ഥാനങ്ങളിൽ പല പ്രതിപക്ഷപാർട്ടികളും ബദ്ധ വൈരികളാണ്. കോണ്‍ഗ്രസ്, തൃണമൂൽ കോണ്‍ഗ്രസ്, എഎപി, ബിആർഎസ് എന്നീ പാർട്ടികൾ ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളാണിവ.
പ്രതിപക്ഷ മഹാസഖ്യത്തെ കോണ്‍ഗ്രസ് തന്നെയാകും നയിക്കുക. തൃണമൂൽ കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയും ജെഡിയുവും ഉൾപ്പെടെയുള്ള എല്ലാ പാർട്ടികളും തങ്ങൾക്ക് അർഹമായ പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന് ശക്തിയുള്ള സ്ഥലങ്ങളിൽ സഹായിക്കാം.
മറ്റു പാർട്ടികൾക്കു ശക്തിയുള്ള മേഖലകളിലും തിരിച്ചും സഹായിക്കണം എന്നാണു തൃണമൂൽ കോണ്‍ഗ്രസിന്റെ നിലപാട്. തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബിആർഎസ് പ്രതിപക്ഷസഖ്യത്തിന്റെ ഭാഗമാകാനിടയുണ്ട്.
23നു നടക്കുന്ന യോഗത്തിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പങ്കെടുക്കും. മുഖ്യമന്ത്രിമാരായ മമത ബാനർജി, അരവിന്ദ് കേജരിവാൾ, എം.കെ. സ്റ്റാലിൻ, ഹേമന്ത് സോറൻ എന്നിവരും പങ്കെടുക്കുന്നുണ്ട്. 12ന് യോഗം ചേരാനായിരുന്നു പ്രതിപക്ഷകക്ഷികൾ നേരത്തേ നിശ്ചയിച്ചിരുന്നത്.
എന്നാൽ, തങ്ങളുമായി കൂടിയാലോചിക്കാതെയാണു തീയതി നിശ്ചയിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതേത്തുടർന്നാണു യോഗം 23ലേക്കു മാറ്റിയത്. സിപിഎം, സിപിഐ, എൻസിപി, ആർജെഡി, സിപിഐഎംഎൽ, വിസികെ, എംഡിഎംകെ, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് തുടങ്ങിയ പാർട്ടികളും പ്രതിപക്ഷ ഐക്യ യോഗത്തിനെത്തും.
അടുത്തവർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിക്കെതിരേ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. സമാനനിലപാടുള്ള പ്രതിപക്ഷപാർട്ടികളുടെ നേതാക്കളെ നീക്കത്തിനു ചുക്കാൻ പിടിക്കുന്ന നിതീഷ് കുമാർ നേരിട്ടു കണ്ട് ചർച്ചയ്ക്കു ക്ഷണിക്കുകയായിരുന്നു.
യോഗത്തിൽ 15 പ്രതിപക്ഷപാർട്ടികൾ പങ്കെടുക്കുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് സ്ഥിരീകരിച്ചു.