മണിപ്പുരിൽ വീണ്ടും സംഘർഷം: ബിഎസ്എഫ് ജവാനു വീരമൃത്യു
Wednesday, June 7, 2023 12:49 AM IST
ഇംഫാൽ: ചെറിയ ഇടവേളയ്ക്കുശേഷം മണിപ്പുരിൽ വീണ്ടും സംഘർഷം. സെറോ മേഖലയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ ബിഎസ്എഫ് ജവാൻ വീരമൃത്യുവരിച്ചു. ആസാം റൈഫിൾസിലെ രണ്ട് സൈനികർക്കു വെടിയേൽക്കുകയും ചെയ്തു. കക്ചിംഗിലെ സെറോയിൽ ഒരു സ്കൂളിനു സമീപമായിരുന്നു ഏറ്റുമുട്ടൽ.
സ്കൂളിൽ കേന്ദ്രീകരിച്ചിരുന്ന ബിഎസ്എഫ് സംഘത്തെ ലക്ഷ്യമിട്ട് തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ കോൺസ്റ്റബിൾ രഞ്ജിത് യാദവിനെ ഉടൻ കക്ചിംഗിലെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റു രണ്ടുജവാന്മാരെ വിദഗ്ധചികിത്സയ്ക്കായി ആകാശമാർഗം മന്ത്രിപുഖ്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഇംഫാൽ വെസ്റ്റിലെ ഫയാംഗിലും സുരക്ഷാസേനയും തീവ്രവാദികളും ഏറ്റുമുട്ടി. കനത്ത വെടിവയ്പ് നടന്നുവെങ്കിലും ഇരുഭാഗത്തും ആളപായം ഉണ്ടായില്ല. കക്ചിംഗിലെ സുഗ്നുവിൽ യുണൈറ്റഡ് കുക്കി ലിബറേഷൻ ഫ്രണ്ട് (യുകെഎൽഎഫ്) തീവ്രവാദികളുടെ ക്യാന്പിനു ഞായറാഴ്ച ഗ്രാമവാസികൾ തീയിട്ടു. സർക്കാരുമായി സമാധാനകരാറിൽ ഒപ്പിട്ടിരുന്നവരാണ് ഇവിടെ കഴിഞ്ഞിരുന്നത്. സുഗ്നുവിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ കെ. രഞ്ജിത്തിന്റെ വസതിയുൾപ്പെടെ നൂറോളം കെട്ടിടങ്ങൾക്കു കഴിഞ്ഞദിവസം തീവ്രവാദികൾ തീവച്ചിരുന്നു. ഇതിനുള്ള തിരിച്ചടിയായിരുന്നു ഇന്നലത്തെ പ്രത്യാക്രമണം.
അക്രമസംഭവങ്ങൾക്കു അറുതിവരാത്ത സാഹചര്യത്തിൽ ഇന്റർനെറ്റ് നിരോധനം ശനിയാഴ്ചവരെ നീട്ടി സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞമാസം മൂന്നിന് കലാപം തുടങ്ങയതിനു പിന്നാലെയാണ് ഇന്റർനെറ്റ് സേവനം നിർത്തിവച്ചത്.
ഒരുമാസമായി തുടരുന്ന കലാപത്തിൽ 98 പേർക്കാണ് ജീവഹാനിയുണ്ടായത്. 310 പേർക്കു പരിക്കേറ്റു. 272 ദുരിതാശ്വാസക്യാന്പുകളിലായി 37,450 പേരാണ് കഴിയുന്നതായും അധികൃതർ പറഞ്ഞു. ഈ മാസം 15 വരെ വിദ്യാഭ്യാസസ്ഥാപനങ്ങൾ അവധിയായിരിക്കുമെന്ന് അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ആടിയുലഞ്ഞ് മണിപ്പുരിലെ വിദ്യാഭ്യാസരംഗം
ഇംഫാൽ: ഒരുമാസമായി തുടരുന്ന കലാപം ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചത് മണിപ്പുരിലെ വിദ്യാഭ്യാസമേഖലയെ. ഇന്റർനെറ്റ് സേവനം സസ്പെൻഡ് ചെയ്തതിനാൽ ഓൺലൈൻ പഠനവും വഴിമുട്ടിയിരിക്കുകയാണ്.
പരീക്ഷകൾ എന്നു നടക്കുമെന്നതിൽ ആർക്കും ധാരണയില്ല.കടുത്ത വെല്ലുവിളി തുടരുന്പോഴും ഇംഫാൽ ഈസ്റ്റിലെയും ഇംഫാൽ വെസ്റ്റിലെയും 22 കേന്ദ്രങ്ങളിൽ അഖിലേന്ത്യാ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് ഒരു വിധത്തിൽ നടത്തി. കഴിഞ്ഞമാസം ഏഴിന് നടന്ന രാജ്യവ്യാപക പരീക്ഷ മണിപ്പുരിൽ മാറ്റിവയ്ക്കുകയായിരുന്നു. ഒട്ടേറെ രക്ഷിതാക്കൾ നീറ്റ് പരീക്ഷയ്ക്കായി കുട്ടികൾക്കൊപ്പം സംസ്ഥാനത്തിനു പുറത്തേക്കു പോവുകയും ചെയ്തിരുന്നു.