ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്നു: രാജ്യത്തിനു നാണക്കേടെന്ന് ഗുസ്തിതാരങ്ങൾ
Sunday, May 28, 2023 3:00 AM IST
രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: പാർലമെന്റ് ഉദ്ഘാടനത്തിൽ കുറ്റാരോപിതനായ ബ്രിജ് ഭൂഷൺ സിംഗ് പങ്കെടുത്താൽ രാജ്യത്തിനാണ് അതിന്റെ നാണക്കേടെന്നു ഗുസ്തിതാരം വിനേഷ് ഫോഗട്ട്. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഗുസ്തിതാരങ്ങൾ ഇന്ന് പാർലമെന്റ് വളയൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
സ്ത്രീകളുടെ നേതൃത്വത്തിൽ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നതിനാണു നീക്കം. മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നതിന് പോലീസിന്റെ അനുമതി ലഭിച്ചിട്ടില്ല. പാർലമെന്റ് മാർച്ച് പോലീസ് തടയുകയാണെങ്കിൽ വഴിയിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്നും ഗുസ്തിതാരങ്ങൾ വ്യക്തമാക്കി.
പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിന് മഹിളാ, വിദ്യാർഥി സംഘടനകൾ രാവിലെ 11 ഓടെ ജന്തർ മന്തറിൽ എത്തുമെന്നും സമാധാനപരമായി സമരം ആരംഭിക്കുമെന്നും ഗുസ്തിതാരം സാക്ഷി മാലിക് പറഞ്ഞു. പോലീസിന്റെ അറസ്റ്റിനെയോ ബലപ്രയോഗത്തെയോ ഭയക്കുന്നില്ലെന്നും സാക്ഷി മാലിക് പറഞ്ഞു. പാർലമെന്റിലേക്ക് അതിക്രമിച്ചു കടക്കുന്നതില്ല മറിച്ച് സമാധാനപരമായ സമരത്തിനാണ് ഗുസ്തിതാരങ്ങൾ ശ്രമിക്കുന്നതെന്നും താരങ്ങൾ വ്യക്തമാക്കി.
ഉദ്ഘാടനത്തിൽ ബ്രിജ് ഭൂഷൺ പങ്കെടുത്താൽ അതു രാജ്യത്തിന് തെറ്റായ സന്ദേശം നൽകും. ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്നവർ ഗുസ്തിതാരങ്ങൾക്ക് എതിരായാണു പ്രവർത്തിക്കുന്നത്.
ബ്രിജ് ഭൂഷണെ സംരക്ഷിക്കാൻ ചിലരൊക്കെ ശ്രമിക്കുന്നുണ്ടെന്നും അവർ രാജ്യത്തെ സ്ത്രീകൾക്കു വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും ഗുസ്തി താരം വിനേഷ് ഫോഗട്ട് പറഞ്ഞു. ഗുസ്തിതാരങ്ങളുടെ സമരത്തിന് പിന്തുണയായി ഇന്ന് എത്തുമെന്ന് കർഷകരും അറിയിച്ചിട്ടുണ്ട്.