പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം: ചെങ്കോലിൽ തർക്കം
Saturday, May 27, 2023 1:28 AM IST
രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: രാഷ്ട്രപതിയെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം നിർവഹിക്കുന്നതു വിവാദമായിരിക്കെ മന്ദിരത്തിൽ സ്ഥാപിക്കുന്ന ചെങ്കോലിനെച്ചൊല്ലിയും തർക്കം മുറുകുന്നു. ചെങ്കോലിനെക്കുറിച്ചുള്ള മോദിസർക്കാരിന്റെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് കോണ്ഗ്രസ് വ്യക്തമാക്കി.
ഇന്ത്യ സ്വാതന്ത്ര്യം നേടുന്പോൾ ബ്രിട്ടീഷുകാരിൽനിന്നുള്ള അധികാര കൈമാറ്റത്തിന്റെ പ്രതീകമായാണു അന്നത്തെ വൈസ്രോയി മൗണ്ട് ബാറ്റണിൽനിന്ന് മുൻ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു ചെങ്കോൽ ഏറ്റുവാങ്ങിയതെന്ന് തെളിയിക്കുന്ന ആധികാരിക ചരിത്രരേഖകളില്ലെന്നും എഐഐസിസി മാധ്യമവിഭാഗം തലവനും മുതിർന്ന കോണ്ഗ്രസ് നേതാവുമായ ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് വാട്സ്ആപ് സർവകലാശാലയിൽ ഉത്പാദിപ്പിക്കുന്ന നുണകളാണു ബിജെപി നേതാക്കൾ പ്രചരിപ്പിക്കുന്നത്. ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി മൗണ്ട് ബാറ്റൺ, ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, അവസാനത്തെ ഗവർണർ ജനറൽ സി.രാജഗോപാലാചാരി എന്നിവർ ചരിത്രത്തിലെവിടെയും ചെങ്കോൽ കൈമാറുന്നത് അധികാര കൈമാറ്റത്തിന്റെ പ്രതീകമായി പരാമർശിച്ചിട്ടില്ലെന്നും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ പാരന്പര്യവുമായി ബന്ധപ്പെട്ടതാണു ചെങ്കോലെന്നും ചോള രാജവംശത്തിന്റെ കാലം മുതൽ ഇതിനു വലിയ പ്രാധാന്യമുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കുന്നത് തമിഴ്നാട്ടിലെ ജനങ്ങൾക്ക് അഭിമാനത്തിന്റെ മുഹൂർത്തമാണെന്നും ചെന്നൈയിൽ നടത്തിയ പത്രസമ്മേളനത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽ രാജഗോപാലാചാരി നിർദേശിച്ചതിനെത്തുടർന്ന് തിരുവാത് തുറൈ മഠം നിർമിച്ചു നൽകിയ ചെങ്കോലാണ് ബ്രിട്ടീഷുകാരിൽനിന്നുമുള്ള അധികാര കൈമാറ്റത്തെ പ്രതിനിധീകരിച്ചതെന്നാണു ധനമന്ത്രി പറഞ്ഞത്. ഇതിനു ചരിത്രരേഖകളുടെ യാതൊരുവിധത്തിലുള്ള പിൻബലവുമില്ലെന്നു ചൂണ്ടിക്കാട്ടിയ കോണ്ഗ്രസ് ബിജെപിയുടെ പൊള്ളയായ അവകാശവാദങ്ങൾ തമിഴ്നാട്ടിൽ രാഷ്ട്രീയനേട്ടങ്ങൾ ലക്ഷ്യമിട്ടുള്ള തന്ത്രമാണെന്നും ആരോപിച്ചു.