അമിത് ഷാ മണിപ്പുരിലേക്ക്
Friday, May 26, 2023 12:59 AM IST
ന്യൂഡൽഹി: സംഘർഷം തുടരുന്ന മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭ്യർഥന. ഏതാനും ദിവസങ്ങൾക്കുള്ളിൽ താൻ മണിപ്പുർ സന്ദർശിക്കുമെന്നും അക്രമത്തിലേർപ്പെട്ടിരിക്കുന്ന ഇരുവിഭാഗങ്ങളുമായി സംസാരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഒരു കോടതി ഉത്തരവിനെത്തുടർന്നാണ് മണിപ്പുരിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സമാധാനം പാലിക്കാൻ ഇരു വിഭാഗങ്ങളും തയാറാകണം. എല്ലാവർക്കും നീതി ഉറപ്പുവരുത്തും. മണിപ്പുരിലേക്കു പോകുന്ന താൻ മൂന്നുദിവസം അവിടെ തങ്ങി ജനങ്ങളുമായി സംസാരിക്കുമെന്നും ആസാമിലെ ഗോഹട്ടിയിൽ ഒരു ചടങ്ങിൽ പ്രസംഗിക്കവെ അമിത് ഷാ വ്യക്തമാക്കി.
പരസ്പര സംഭാഷണത്തിലൂടെയേ സമാധാനം സ്ഥാപിക്കാനാകൂ. തെറ്റിദ്ധാരണകളെല്ലാം മാറ്റി എല്ലാവരും കേന്ദ്ര-സംസ്ഥാന സർക്കാരുമായി ചർച്ചയ്ക്കു തയാറാകണം. -അമിത് ഷാ അഭ്യർഥിച്ചു.
അതേസമയം, സ്ഥിതിഗതികൾ വിലയിരുത്താനായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഇന്നലെ ഇംഫാലിലെത്തി. അമിത് ഷാ 29ന് മണിപ്പുരിലെത്തുമെന്നും സ്ഥിതിഗതികൾ വിലയിരുത്തുന്ന അദ്ദേഹം വിവിധ വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയശേഷം ജൂൺ ഒന്നിനേ മടങ്ങൂവെന്നും നിത്യാനന്ദ റായ് പറഞ്ഞു.
മണിപ്പുരിലെ പ്രധാന ജനവിഭാഗമായ മെയ്തേയ്-കുകികൾ തമ്മിൽ ഈമാസം മൂന്നിന് ആരംഭിച്ച കലാപത്തിൽ 74 പേരാണു കൊല്ലപ്പെട്ടത്. 200 ഓളം പേർക്കു പരിക്കേൽക്കുകയും 30,000 പേർ ഭവനരഹിതരാകുകയും ചെയ്തു.
260 ലേറെ പള്ളികൾ അഗ്നിക്കിരയാക്കുകയോ തകർക്കപ്പെടു കയോ ചെയ്തിട്ടുമുണ്ട്. ബുധനാഴ്ച വീണ്ടുമുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി വീടുകൾക്കു തീവയ്ക്കുകയും ചെയ്തിരുന്നു.
വിമർശനവുമായി കോൺഗ്രസ്
ന്യൂഡൽഹി: മണിപ്പുരിനെ തിരിഞ്ഞുനോക്കാതെ ആസാം സന്ദർശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ രൂക്ഷമായി വിമർശിച്ചു കോൺഗ്രസ്. ഗോഹട്ടിയിലേക്കുള്ള എല്ലാ വഴിയിലൂടെയും സഞ്ചരിച്ചുവെങ്കിലും 22 ദിവസത്തോളം കത്തിയെരിഞ്ഞ മണിപ്പുരിനെ അവഗണിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി.
ഇതേ കേന്ദ്രമന്ത്രി തന്നെയാണ് കർണാടകയിൽ 16 റാലികളും 15 റോഡ്ഷോകളും നടത്തിയത്. എന്നാൽ, ഡബിൾ എൻജിൻ സർക്കാർ എന്നു വിളിക്കപ്പെടുന്നവരുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും മൂലം ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന മണിപ്പുർ സന്ദർശിക്കാൻ അദ്ദേഹത്തിനു സമയം ലഭിച്ചില്ല- ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.
മണിപ്പുരിലെ ഗോത്രവിഭാഗക്കാരുടെ സംഘർഷം അവസാനിപ്പിക്കാൻ യോഗം വിളിച്ചുചേർക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കഴിഞ്ഞദിവസം കോൺഗ്രസ് അഭ്യർഥിച്ചിരുന്നു.