അയോഗ്യനാക്കിയ നടപടി: മുഹമ്മദ് ഫൈസലിന്റെ ഹർജി ഇന്നു പരിഗണിക്കും
Tuesday, March 28, 2023 1:15 AM IST
ന്യൂഡൽഹി: ലോക്സഭ അംഗത്വത്തിൽനിന്നു അയോഗ്യനാക്കിയ നടപടി പിൻവലിക്കാത്തതിനെതിരേ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ നൽകിയ ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും.
ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന മുഹമ്മദ് ഫൈസലിന്റെ ആവശ്യം ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. വധശ്രമക്കേസിൽ ഫൈസൽ കുറ്റക്കാരനാണെന്ന വിധിയും ശിക്ഷയും കേരള ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരേ ലക്ഷദ്വീപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി ഇന്നു ജസ്റ്റീസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാനിരിക്കുകയാണ്. ഇതോടൊപ്പം അയോഗ്യനാക്കിയ ഉത്തരവ് പിൻവലിക്കാത്തതിനെതിരേ മുഹമ്മദ് ഫൈസൽ നൽകിയ ഹർജിയും പരിഗണിക്കുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
വധശ്രമക്കേസിൽ പത്തു വർഷം ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസലിനെ കഴിഞ്ഞ ജനുവരി 13ന് ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയത്.
ഫൈസൽ കുറ്റക്കാരനാണെന്ന വിധി ജനുവരി 25ന് കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അയോഗ്യത സംബന്ധിച്ച ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഫൈസൽ ലോക്സഭാ സെക്രട്ടേറിയറ്റിന് കത്തു നൽകിയിരുന്നു.