പരിപ്പുവില കുതിച്ചുയർന്നു; അവശ്യസാധന നിയമം നടപ്പാക്കി
Saturday, August 13, 2022 2:59 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പൊതുവിപണിയിൽ പരിപ്പുവില ക്രമാതീതമായി കൂട്ടിയതിനെത്തുടർന്ന് അവശ്യസാധന നിയമം കേന്ദ്രം നടപ്പിലാക്കി. വ്യാപാരികളുടെ പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാൻ 1955ലെ അവശ്യസാധന നിയമപ്രകാരം സ്റ്റോക്കുകൾ നിരീക്ഷിക്കാനും പരിശോധിക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
സർക്കാരിന്റെ പക്കലുള്ള ശേഖരത്തിൽനിന്ന് 38 ലക്ഷം ടണ്‍ പയറുവർഗങ്ങൾ വിപണിയിലേക്കിറക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
രാജ്യത്തെ ഉപഭോക്തൃ വില പണപ്പെരുപ്പം ഏപ്രിലിലും ജൂണിലും ഏഴു ശതമാനം കവിഞ്ഞിരുന്നു. അവശ്യസാധനങ്ങളുടെ വിലകൾ റോക്കറ്റ് പോലെ കുതിച്ചിട്ടും സർക്കാർ നടപടികളെടുത്തിരുന്നില്ല. എന്നാൽ, സാന്പാർ പരിപ്പ് അടക്കമുള്ള പയർവർഗങ്ങളുടെ വില പെട്ടെന്നു കുതിച്ചുയർന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം ഇന്നലെ പ്രത്യേക നിർദേശം പുറപ്പെടുവിച്ചത്.
പയർവർഗങ്ങളുടെ പ്രധാന ഉത്പാദകരായ കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലുണ്ടായ അധിക മഴയും വെള്ളക്കെട്ടുമാണ് വിലക്കയറ്റത്തിനു കാരണമെന്നാണ് മൊത്തവ്യാപാരികളുടെ വാദം.
സ്റ്റോക്കുകൾ പൂഴ്ത്തിവച്ച് വിപണിയിൽ വില കുത്തനെ കൂട്ടി കൊള്ളലാഭം എടുക്കാനാണ് വൻകിട വ്യാപാരികളും സ്റ്റോക്കിസ്റ്റുകളും ശ്രമിക്കുന്നതെന്നാണ് ഉപഭോക്താക്കളും കർഷകരും പറയുന്നത്.