നാസിക്കിൽ 24 കോവിഡ് രോഗികൾ ശ്വാസംമുട്ടി മരിച്ചു
Thursday, April 22, 2021 12:55 AM IST
നാസിക്/മുംബൈ: മഹാരാഷ്ട്രയിൽ സ്റ്റോറേജ് പ്ലാന്റിലുണ്ടായ ചോർച്ചയെത്തുടർന്ന് ഓക്സിജൻ വിതരണം തടസപ്പെട്ടതുമൂലം വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന 24 കോവിഡ് രോഗികൾ ശ്വാസംമുട്ടി മരിച്ചു. നാസിക്കിലെ സക്കീർ ഹുസൈൻ മുനിസിപ്പൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നവരാണു മരിച്ചത്. 150 രോഗികളായിരുന്നു ആശുപത്രിയിലുണ്ടായിരുന്നത്.
ഇന്നലെ രാവിലെ പത്തോടെ ആശുപത്രി വളപ്പിലെ സ്റ്റോറേജ് ടാങ്കിന്റെ സോക്കറ്റ് പൊട്ടി ഓക്സിജൻ ചോർച്ച തുടങ്ങിയിരുന്നു. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെയായിരുന്നു ഇതു ശ്രദ്ധയിൽപ്പെട്ടത്. ആശുപത്രി ജീവനക്കാർ മറ്റു സ്ഥലങ്ങളിൽനിന്ന് ഓക്സിജൻ സിലിണ്ടറുകളിലെത്തിച്ചു രോഗികൾക്ക് ഓക്സിജൻ നല്കി.
ചില രോഗികളെ മറ്റ് ആശുപത്രികളിലേക്കു മാറ്റി. അപകടമുണ്ടായതോടെ ആളുകൾ ആശുപത്രി വാർഡുകളിലേക്ക് ഇരച്ചുകയറിയത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. അപകടസമയത്ത് ഒരു ഓക്സിജൻ ടാങ്കർ ആശുപത്രിയിലെത്തിയിരുന്നു. ടാങ്കറിലെയും ആശുപത്രിയിലെയും സാങ്കേതികവിദഗ്ധർ ടാങ്കിന്റെ വാൽവ് അടച്ച് ചോർച്ച ഒഴിവാക്കി. ഇതോടെ വൻ ദുരന്തം ഒഴിവായി.
ഒരു സ്വകാര്യ കന്പനിയാണ് പ്ലാന്റിന്റെ അറ്റകുറ്റപ്പണി നടത്തുന്നത്. കന്പനി ജീവനക്കാരെത്തി ടാങ്കിന്റെ അറ്റകുറ്റപ്പണി നടത്തി ഓക്സിജൻ വിതരണം സാധാരണനിലയിലാക്കി. ചോർച്ചയുണ്ടായപ്പോൾ ടാങ്കിലെ ഓക്സിജൻ ലെവൽ 25 ശതമാനമായിരുന്നു.സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നു മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി യിൽനിന്ന് അഞ്ചു ലക്ഷം രൂപ വീതം നല്കും.