ബിജെപി, തൃണമൂൽ നേതാക്കൾക്കു പ്രചാരണവിലക്ക്
Sunday, April 18, 2021 11:55 PM IST
കോൽക്കത്ത: തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ബംഗാളിൽ ബിജെപി നേതാവ് സായന്തൻ ബസു, തൃണമൂൽ കോൺഗ്രസ് നേതാവ് സുജാത മണ്ഡൽ എന്നിവർക്കു തെരഞ്ഞെടുപ്പു കമ്മീഷൻ 24 മണിക്കൂർ പ്രചാരണവിലക്ക് ഏർപ്പെടുത്തി.
ഞായറാഴ്ച വൈകുന്നേരം ഏഴു മുതൽ തിങ്കളാഴ്ച വൈകുന്നേരം ഏഴു വരെയാണു വിലക്ക്. ബംഗാളിലെ പട്ടികജാതി സമൂഹത്തിനെതിരെ നടത്തിയ പരാമർശങ്ങളാണു സുജാത മണ്ഡലിനു വിലക്കേർപ്പെടുത്താൻ കാരണം. നിങ്ങൾ ഒരാളെ കൊന്നാൽ ഞങ്ങൾ നിങ്ങളുടെ നാലു പേരെ കൊലപ്പെടുത്തുമെന്ന പരാമർശത്തിന്റെ പേരിലാണു സായന്തൻ ബസുവിനു വിലക്കേർപ്പെടുത്തിയത്.