ബാലാകോട്ടില്‍ മോദിക്കെതിരേ രാഹുല്‍; ‘അർണബിനു മോദി വിവരം ചോർത്തിനൽകി’
Tuesday, January 26, 2021 12:34 AM IST
കരൂർ (തമിഴ്നാട്): ബാലാകോട്ടിലെ ഭീകരക്യാന്പുകളിൽ ഇന്ത്യ വ്യോമാക്രമണം നടത്തുമെന്ന വിവരം ദിവസങ്ങൾക്കുമുന്പേ റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്കു കിട്ടിയതു പ്രധാനമന്ത്രി നരേന്ദ്ര മോദി വഴിയാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ ആരോപണത്തിനു ബലംനൽകുന്ന വസ്തുതകളൊന്നും അദ്ദേഹം പരസ്യമാക്കിയില്ല. രാഹുലിന്റെ ആരോപണത്തെക്കുറിച്ചു പ്രതികരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് തയാറായതുമില്ല.
നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന തമിഴ്നാട്ടിൽ പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് കരൂരിൽ പൊതുയോഗത്തിൽ സംസാരിക്കവേയാണു മോദിക്കെതിരേ ആരോപണം ഉയർത്തിയത്.
പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ഉൾപ്പെടെ അഞ്ചുപേർക്കാണു വ്യോമാക്രമണത്തെക്കുറിച്ചു മുൻകൂട്ടി അറിവുണ്ടായിരുന്നത്. വ്യോമാക്രമണത്തിനു മുന്നുദിവസം മുന്‍പേ അതു സംഭവിക്കുമെന്നു മാധ്യമപ്രവർത്തകൻ പറഞ്ഞു. വ്യോമസേനാ പൈലറ്റുമാരുടെ ജീവൻ അപകടത്തിലാണെന്നാണ് ഇതു വ്യക്തമാക്കുന്നത്- രാഹുൽ പറഞ്ഞു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവിനും വ്യോമസേനാ തലവനും ആഭ്യന്തരമന്ത്രിക്കും മാത്രമേ ആക്രമണത്തെക്കുറിച്ചു വിവരമുണ്ടായിരുന്നുള്ളു. ബാലാകോട്ട് ആക്രമണത്തിനു മുന്‍പേ അതേക്കുറിച്ചു ലോകത്തിൽ മറ്റൊരാൾക്കും അറിവുണ്ടായിരുന്നില്ല. ഇക്കാര്യം മാധ്യമപ്രവർത്തകൻ അറിഞ്ഞതിനെക്കുറിച്ച് അന്വേഷണം നടത്താത്തത് ഈ അഞ്ചുപേരിലൊരാളാണു വിവരം ചോർത്തിയതെന്നു വ്യക്തമായതിനാലാണ്. ഈ അഞ്ചുപേരിലൊരാൾ നമ്മുടെ വ്യോമസേനയെ ചതിച്ചെന്നും രാഹുൽ ആരോപിച്ചു.
പ്രധാനമന്ത്രിയല്ല ഇക്കാര്യം ചെയ്തതെങ്കിൽ എന്തുകൊണ്ട് അദ്ദേഹം അന്വേഷണത്തിനു തയാറാകുന്നില്ല. അല്ലെങ്കിൽ അന്വേഷണം നടത്തി വിവരം ചോർത്തിയത് ആരാണെന്നു കണ്ടുപിടിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.