മയക്കുമരുന്നു കേസ്: കൊമേഡിയൻ ഭാരതി സിംഗിനെയും ഭർത്താവിനെയും റിമാൻഡ് ചെയ്തു
Monday, November 23, 2020 12:17 AM IST
മുംബൈ: വീട്ടിൽനിന്നു മയക്കമരുന്ന് കണ്ടെത്തിയതിനെത്തുടർന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി) അറസ്റ്റ് ചെയ്ത കൊമേഡിയൻ ഭാരതി സിംഗിനെയും ഭർത്താവ് ഹർഷ് ലിംബാചിയയെയും ഡിസംബർ നാലു വരെ റിമാൻഡ് ചെയ്തു. ഇരുവരുടെയും ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും. മയക്കുമരുന്നു വില്പനക്കാരനെ ചോദ്യംചെയ്തതിനെത്തുടർന്നാണ് ഭാരതി സിംഗിലേക്ക് അന്വേഷണം എത്തിയത്.
നിരവധി ടെലിവിഷൻ ഷോകൾ ഭാരതി സിംഗ് അവതരിപ്പിട്ടുണ്ട്.ഭാരതി സിംഗിനെ ശനിയാഴ്ചയും ഭർത്താവിനെ ഇന്നലെയുമാണ് എൻസിബി അറസ്റ്റ് ചെയ്തത്. അന്ധേരിയിലെ ഇവരുടെ വീട്ടിൽനിന്നു കഞ്ചാവ് പിടിച്ചെടുത്തിരുന്നു. നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തോടെയാണ് ബോളിവുഡിലെ മയക്കുമരുന്നുബന്ധം എൻസിബി അന്വേഷിക്കുന്നത്. കേസിൽ സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിയും സഹോദരൻ ഷോവിക്കും അറസ്റ്റിലായിരുന്നു. റിയയ്ക്കു ബോംബെ ഹൈക്കോടതി ജാമ്യം ലഭിച്ചു. ഷോവിക് ഇപ്പോഴും ജയിലിലാണ്.