കലിയടങ്ങാതെ അകാലിദൾ
Monday, September 21, 2020 12:21 AM IST
ന്യൂഡൽഹി: വിവാദ കാർഷിക ബില്ലുകളുടെ പേരിൽ കേന്ദ്ര മന്ത്രിസ്ഥാനം ഉപേക്ഷിച്ച ബിജെപി സഖ്യകക്ഷിയായ അകാലിദൾ രൂക്ഷ ഭാഷയിലാണ് ഇന്നലെ രാജ്യസഭയിൽ സർക്കാരിനെതിരേ ശബ്ദമുയർത്തിയത്.
പാസായ രണ്ടു ബില്ലുകളിൻമേലുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച അകാലിദൾ എംപി നരേഷ് ഗുജ്റാൾ പഞ്ചാബിലെ കർഷകർ വെറും പാവങ്ങളാണെന്ന് തെറ്റിദ്ധാരണ വേണ്ടെന്നു സർക്കാരിനു മുന്നറിയിപ്പ് നൽകി. കർഷക സമരങ്ങളെ സർക്കാരും ബിജെപിയും വിലകുറച്ചു കാണേണ്ട. പഞ്ചാബിൽ നിന്നുള്ള കർഷകർ ദുർബലരാണെന്ന് കരുതരുത്. അതിനാൽ സർക്കാർ കരുതിയിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
രണ്ടു ബില്ലുകളും സെലക്ട് കമ്മിറ്റിക്ക വിടണമെന്നായിരുന്നു അകാലിദളിന്റെ ആവശ്യം. പഞ്ചാബിലെ കർഷകർ അടിച്ചമർത്തപ്പെടുകയാണെങ്കിൽ അകാലിദൾ അവർക്കൊപ്പം തന്നെ നിൽക്കുമെന്നും നരേഷ് ഗുജ്റാൾ വ്യക്തമാക്കി. ലോക്സഭയിൽ ബില്ലുകൾ പാസായതിന് പിന്നാലെയാണ് അകാലി ദളിന്റെ മന്ത്രിയായിരുന്ന ഹർ സിമ്രത് കൗർ ബാദൽ രാജിവച്ചത്.