കരസേനയിൽ വനിതകൾക്കും സ്ഥിരം കമ്മീഷൻ: നിയമനം നടപ്പാക്കാൻ കേന്ദ്രത്തിന് ഒരു മാസം കൂടി
Wednesday, July 8, 2020 12:14 AM IST
ന്യൂഡൽഹി: കരസേനയിൽ പുരുഷ ഉദ്യോഗസ്ഥർക്കു തുല്യമായ രീതിയിൽ വനിതകൾക്കും സ്ഥിരം കമ്മീഷൻ നിയമനം നൽകണമെന്ന വിധി നടപ്പാക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് ഒരു മാസം കൂടി സമയം അനുവദിച്ചു. ആറ് മാസം കൂടി അനുവദിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല.
വനിതകൾക്ക് ഉന്നത പദവികൾ ലഭ്യമാകുന്നതിനുള്ള സ്ഥിരം കമ്മീഷൻ മൂന്നു മാസത്തിനുള്ളിൽ നടപ്പിലാക്കണമെന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്. കോവിഡ് മഹാമാരിയെ നേരിടാൻ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനാൽ ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള ഭരണനിർവഹണം പൂർത്തിയാക്കാനായില്ലെന്നായിരുന്നു പ്രതിരോധ മന്ത്രാലയം കാരണമായി ചൂണ്ടിക്കാട്ടിയത്.