ബിജെപിയുടെ തെരഞ്ഞെടുപ്പു ചിഹ്നം വരയ്ക്കണം: മണിപ്പൂരിലെ പ്ലസ് ടു ചോദ്യപേപ്പർ വിവാദമായി
Wednesday, February 26, 2020 12:31 AM IST
ന്യൂഡൽഹി: ബിജെപിയുടെ തെരഞ്ഞെടുപ്പു ചിഹ്നം വരയ്ക്കാനും ജവഹർലാൽ നെഹ്റുവിന്റെ രാജ്യനിർമിതിക്കായുള്ള സമീപനങ്ങളിലെ തെറ്റായ നാലു പ്രത്യേകതകൾ വിവരിക്കാനും ആവശ്യപ്പെടുന്ന മണിപ്പൂരിലെ പ്ലസ് ടു പരീക്ഷാ ചോദ്യപേപ്പർ വിവാദമായി.
പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പരീക്ഷയുടെ ചോദ്യപേപ്പറിലാണു രണ്ടു രാഷ്ട്രീയ ചോദ്യങ്ങൾ മറയില്ലാതെ ഉൾപ്പെടുത്തിയത്.നാലു മാർക്കു വീതമാണു രണ്ടു വിവാദ ചോദ്യങ്ങൾക്കുമുള്ളത്.
വിവാദ ചോദ്യങ്ങളുടെ പകർപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയും ഇതിനെതിരേ പ്രതിഷേധം രൂക്ഷമാവുകയും ചെയ്തു.
വിദ്യാർഥികളുടെ മനസിൽ രാഷ്ട്രീയമായ സ്വാധീനം ചെലുത്താൻ ഉദ്ദേശിച്ചുള്ള ഇത്തരം ചോദ്യങ്ങൾ ഉൾപ്പെടുത്തിയതിനെതിരേ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് കോണ്ഗ്രസ് ആവശ്യപ്പെട്ടു.