ഡൽഹിയിൽ വേറിട്ട പ്രതിഷേധവുമായി വനിതകൾ
Thursday, February 20, 2020 11:14 PM IST
ന്യൂഡൽഹി: ആർത്തവ സമയത്ത് ആഹാരം പാകം ചെയ്യുന്ന സ്ത്രീകൾ പട്ടികളായി പുനർജനിക്കുമെന്ന സ്വാമി നാരായണ് ഭുജ് മന്ദിറിലെ സന്യാസിയുടെ പ്രസ്താവനയ്ക്കെതിരേ ഡൽഹിയിൽ വേറിട്ട പ്രതിഷേധവുമായി വനിതകൾ. ഞായറാഴ്ച ആർത്തവ മഹാഭോജനം നടത്താൻ ഒരുങ്ങുകയാണ് ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വനിതകളുടെ സന്നദ്ധ സംഘടനയായ സാച്ചി സഹേലി.
പ്രതിഷേധത്തിന്റെ ഭാഗമായി ആർത്തവമുള്ള സ്ത്രീകൾ ഭക്ഷണം പാകം ചെയ്യുകയും വിളന്പുകയും ചെയ്യുമെന്ന് സാച്ചി സഹേിലയുടെ പ്രവർത്തകയായ ഡോ. സുർഭി സിംഗ് പറഞ്ഞു. നിരവധി സ്കൂളുകളുടെയും കോളജുകളുടെയും നടത്തിപ്പ് ചുമതലയുള്ള ഒരാളാണ് ആർത്തവം സംബന്ധിച്ചു വിവാദ പ്രസ്താവന നടത്തിയത്. ഭുജിലെ കോളജിൽ കഴിഞ്ഞ ദിവസം അറുപത് വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിച്ച് ആർത്തവ പരിശോധന നടത്തിയതും വിവാദമായിരുന്നു. സംഭവത്തിൽ കോളജ് പ്രിൻസിപ്പൽ ഉൾപ്പെടെ കോളജ് ജീവനക്കാരും അധികൃതർക്കും എതിരേ കേസെടുത്തിട്ടുണ്ട്.
ആർത്തവകാലത്ത് ഭക്ഷണം പാകം ചെയ്യുന്ന സ്ത്രീകൾ പട്ടികളായി പുനർജനിക്കേണ്ടി വരുമെന്ന് ഭയമൊന്നും വേണ്ട. ആർത്തവമുള്ള സ്ത്രീകൾ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്ന പുരുഷൻമാർ കാളകളോ കഴുതകളോ ആയി പുനർജനിക്കുമെന്നു ഭയവവും വേണ്ട. ഇതു സംബന്ധിച്ചു സന്യാസി പറഞ്ഞ വാക്കുകൾ ശരിയാണെങ്കിൽ രാജ്യത്ത് പട്ടികളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ നിരവധി ഇരട്ടിയാകുമായിരുന്നു എന്നും ഡോ. സുർബി സിംഗ് പറഞ്ഞു.
ആർത്തവമുള്ള അന്പതോളം സ്ത്രീകൾ പാകം ചെയ്തു വിളന്പുന്ന ഭക്ഷണം കഴിക്കണമെങ്കിൽ പണം നൽകേണ്ടി വരും. പ്രതിഷേധമാണെങ്കിലും ആർത്തവ മഹാഭോജനം സൗജന്യമായിരിക്കില്ലെന്നും ഡോ. സുർബി പറഞ്ഞു. നാമമാത്രമായ തുകയായിരിക്കും ഭക്ഷണത്തിന് ഈടാക്കുക. ആർത്തവം പ്രകൃതിദത്തമായ ഒരു ശാരീരിക പ്രക്രിയ മാത്രമാണെന്നും ഇതു സംബന്ധിച്ചു ആണ്കുട്ടികൾക്കും പുരുഷൻമാർക്കും ഇടയിൽ കൂടുതൽ ബോധവത്കരണം ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ നടത്തുന്നുണ്ടെന്നും അവർ പറഞ്ഞു.