ഗഗൻയാൻ: യാത്രികരുടെ റഷ്യയിലെ പരിശീലനം ഉടൻ
Friday, January 17, 2020 12:35 AM IST
ന്യൂഡൽഹി: ശാസ്ത്രഗവേഷണമേഖലയിലെ രാജ്യത്തിന്റെ ഔന്നത്യം അടയാളപ്പെടുത്തുന്ന ഗഗൻയാൻ പദ്ധതി അന്തിമ ഒരുക്കങ്ങളിലേക്ക്.
പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട നാല് ബഹിരാകാശ യാത്രികരുടെ പരിശീലനം റഷ്യയിൽ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. 11 മാസം നീണ്ടുനിൽക്കുന്ന പരിശീലനമാണ് അന്തിമപട്ടികയിൽ ഇടംനേടിയ നാല് ബഹിരാകാശ യാത്രികർക്കു ലഭിക്കുക. ജനുവരി മൂന്നാംവാരം പരിശീലനം തുടങ്ങും. റഷ്യയിലെ പരിശീലനത്തിനുശേഷം ബഹിരാകാശ നിലയത്തിനു സമാനമായ അന്തരീക്ഷത്തിലുള്ള പ്രത്യേക പരിശീലനം ഇന്ത്യയിൽ നൽകും. ഐഎസ്ആർഒയുടെ സംവിധാനമാണ് ഇതിനായി ഉപയോഗിക്കുകയെന്നും മന്ത്രി അറിയിച്ചു.
10,000 കോടി രൂപ ചെലവു വരുന്ന ഗഗൻയാൻ പദ്ധതി, സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികമായ 2022ൽ പ്രവർത്തനസജ്ജമാകും. രാജ്യത്ത് നിർമിച്ച ഏറ്റവും ഭാരമേറിയ റോക്കറ്റ് "ബാഹുബലി ജിഎസ്എൽവി മാർക്ക്-മൂന്നിലാണ് യാത്രികർ ബഹിരാകാശത്തേക്കു കുതിക്കുക.