ഗൗതം ഗംഭീറിനെ കാണാനില്ലെന്നു ഡൽഹിയിൽ പോസ്റ്ററുകൾ
Monday, November 18, 2019 12:23 AM IST
ന്യൂഡൽഹി: ക്രിക്കറ്റ് താരവും ഡൽഹിയിലെ എംപിയുമായ ഗൗതം ഗംഭീറിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പോസ്റ്ററുകൾ. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതിയുടെ യോഗത്തിൽ നിന്നു വിട്ടുനിന്നതിനു പിന്നാലെയാണ് ഇന്നലെ പോസ്റ്ററുകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ഇംഗ്ലീഷിലും ഹിന്ദിയിലുമായി കാണ്മാനില്ല എന്ന തലക്കെട്ടോടെ പ്രചരിപ്പിക്കപ്പെട്ട പോസ്റ്ററുകളിൽ ഗംഭീറിന്റെ കളർ ഫോട്ടോയുമുണ്ട്.
ഐടിഒ അടക്കമുള്ള സെൻട്രൽ ഡൽഹിയിലാണു പോസ്റ്ററുകൾ കൂടുതലും പതിച്ചിരിക്കുന്നത്. നിങ്ങൾ ഇദ്ദേഹത്തെ കണ്ടോ? ഇൻഡോറിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്ന് ജിലേബി കഴിക്കുന്പോഴാണ് അദ്ദേഹത്തെ കണ്ടത്. ഡൽഹിയിലെ ജനങ്ങൾ മുഴുവൻ അദ്ദേഹത്തെ തെരയുകയാണ്.’- പോസ്റ്ററിൽ പറയുന്നു.
ഈസ്റ്റ് ഡൽഹിയിലെ ലോക്സഭാംഗമാണ് ഗൗതം ഗംഭീർ. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ വിഷയത്തിൽ പരിഹാരം കണ്ടെത്താനുള്ള പാർലമെന്ററി സമിതിയുടെ യോഗത്തിൽ പങ്കെടുക്കാതെ ഗൗതം ഗംഭീർ അടക്കമുള്ള എംപിമാർ വിട്ടുനിന്നത് വലിയ വിവാദമായിരുന്നു. 29 എംപിമാരിൽ നാലു പേർ മാത്രമായിരുന്നു യോഗത്തിനെത്തിയത്.
അതേസമയം, ഇൻഡോറിൽ നടന്ന ഇന്ത്യ- ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരത്തിന്റെ കമന്റേറ്ററായിരുന്ന ഗൗതം ഗംഭീർ മുൻ ക്രിക്കറ്റ് താരം വി.വി.എസ്. ലക്ഷ്മണിനൊപ്പം സ്റ്റേഡിയത്തിലിരുന്ന് ജിലേബി കഴിക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. ഗംഭീറിനെതിരേ ആം ആദ്മി പാർട്ടി അടക്കമുള്ളവർ രംഗത്തെത്തിയതോടെയാണ് വലിയ വിമർശനങ്ങളോടെ ഫോട്ടോ വൈറലായത്. ജനങ്ങൾ ശ്വാസം മുട്ടുന്പോൾ അവരുടെ എംപി ജിലേബി ആസ്വദിക്കുന്നുവെന്നായിരുന്നു ആംആദ്മി പാർട്ടിയുടെ ആരോപണം.