രാഷ്ട്രപതിക്കെതിരേ ജാതി പരാമർശം; ഗെഹ്ലോട്ട് വിവാദത്തിൽ
Thursday, April 18, 2019 12:43 AM IST
ന്യൂഡൽഹി: ജാതി പരിഗണന കൊണ്ടാണ് രാംനാഥ് കോവിന്ദ് രാഷ്ട്രപതി സ്ഥാനത്ത് എത്തിയതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ടിന്റെ പ്രസ്താവന വിവാദത്തിൽ. ഗെഹ്ലോട്ടിന്റെ വാക്കുകൾ ദളിത് വിരുദ്ധവും ഭരണഘടനാ വിരുദ്ധവും ആണെന്നു ചൂണ്ടിക്കാട്ടി ബിജെപി ശക്തമായി രംഗത്തു വന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ജാതി സമവാക്യം നിലനിർത്താൻവേണ്ടി ബിജെപി അധ്യക്ഷൻ അമിത്ഷാ നടത്തിയ നീക്കമാണ് രാംനാഥ് കോവിന്ദിന് രാഷ്ട്രപതി സ്ഥാനം നൽകിയതെന്നായിരുന്നു ഗെഹ്ലോട്ട് ജയ്പുരിൽ പറഞ്ഞത്. അഡ്വാനി രാഷ്ട്രപതി ആകുമെന്നായിരുന്നു പ്രതീക്ഷ എങ്കിലും അദ്ദേഹം പുറന്തള്ളപ്പെടുകയായിരുന്നെന്നും ഗെഹ്ലോട്ട് പറഞ്ഞു. ദളിത് വിഭാഗത്തിൽ നിന്നും ഉയർന്നു വന്ന ഒരാൾക്ക് എതിരാണോ കോണ്ഗ്രസ് എന്നും ബിജെപി നേതാവ് ജി.വി.എൽ നരസിംഹ റാവു ചോദിച്ചു.
വിവാദമായതോടെ വിശദീക രണവുമായി ഗെഹ്ലോട്ട് രംഗ ത്തെത്തി. വായിച്ച ഒരു ലേഖനത്തിലെ ചില പരാമർശങ്ങൾ ഉദ്ധരിച്ചത് തന്റെ വാക്കുകളായി വ്യാഖ്യാനിക്കുകയായിരുന്നു ഗെഹ്ലോട്ടിന്റെ വിശദീകരണം.