കേരളത്തിലെ അതിർത്തി ചെക്ക്പോസ്റ്റുകൾ പൂട്ടാൻ കേന്ദ്രം; എതിർപ്പുമായി സംഘടന
Thursday, July 17, 2025 2:03 AM IST
റെനീഷ് മാത്യു
കണ്ണൂർ: കേരളത്തിലെ അതിർത്തി ചെക്ക്പോസ്റ്റുകൾ ഉടൻ പൂട്ടണമെന്നു കേന്ദ്ര ഗതാഗത മന്ത്രാലയം വീണ്ടും ഉത്തരവിറക്കി. ഇതുസംബന്ധിച്ച നിർദേശം സംസ്ഥാന സർക്കാരിനു നല്കിക്കഴിഞ്ഞു.
ചെക്ക്പോസ്റ്റുകൾ പൂട്ടാനുള്ള നടപടികൾ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ ആരംഭിക്കാനിരിക്കേ കേരള മോട്ടോർ വെഹിൾക്കിൾസ് ഡിപ്പാർട്ട്മെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ഇതിനെതിരേ രംഗത്തു വന്നു. അതിർത്തി ചെക്ക്പോസ്റ്റുകൾ പൂർണമായി നിർത്താനുള്ള ഉത്തരവ് നടപ്പിലാക്കരുതെന്നാണ് ഇവരുടെ ആവശ്യം.
സംസ്ഥാന ധനകാര്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി നിവേദനം നല്കിയിട്ടുണ്ട്. ആവശ്യമായ പഠനങ്ങൾ നടത്താതെയും ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താതെയുമാണ് ഉത്തരവ് നടപ്പാക്കുന്നതെന്നാണു സംഘടന പറയുന്നത്. ഉത്തരവ് നടപ്പാക്കിയാൽ സർക്കാരിനു കോടിക്കണക്കിനു രൂപയുടെ വരുമാന നഷ്ടം ഉണ്ടാകുമെന്നും സംസ്ഥാനത്തെ റോഡുകളിൽ നിയമലംഘനം ഉണ്ടാകുമെന്നും പറയുന്നു.
ചെക്ക് പോസ്റ്റുകൾ നിർത്തലാക്കണമെന്നു കേന്ദ്രസർക്കാർ നേരത്തേ നിർദേശം നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചെക്ക്പോസ്റ്റുകളിലെ 24 മണിക്കൂർ ഡ്യൂട്ടി നിർത്തി പ്രവൃത്തി സമയം രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെയാക്കിയിരുന്നു. കൂടാതെ, ജീവനക്കാരുടെ എണ്ണവും കുറച്ചിരുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ഇന്ത്യയിലെ കൂടുതൽ സംസ്ഥാനങ്ങളിലും ചെക്ക്പോസ്റ്റുകൾ നിർത്തലാക്കിയിരുന്നു.
കേരളത്തിനു പുറമേ തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് ഉൾപ്പെടയുളള സംസ്ഥാനങ്ങൾക്ക് ചെക്ക്പോസ്റ്റുകൾ നിർത്താൻ നിർദേശം നല്കിയിട്ടുണ്ട്.