ജഡ്ജിമാര്‍ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്ക് മൂന്നു ദിവസം തടവ്
Thursday, July 17, 2025 2:03 AM IST
കൊച്ചി: ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇട്ടയാൾക്ക് മൂന്നുദിവസം തടവുശിക്ഷ വിധിച്ച് ഹൈക്കോടതി.
എറണാകുളം ആലങ്ങാട് സ്വദേശി പി.കെ. സുരേഷ്കുമാറിനെയാണു ശിക്ഷിച്ചത്. ജസ്റ്റീസ് ദേവന് രാമചന്ദ്രനും ദേവസ്വം ബെഞ്ചിനുമെതിരേയായിരുന്നു ഫേസ്ബുക്ക് പോസ്റ്റുകള്‍.
ജസ്റ്റീസുമാരായ രാജ വിജയരാഘവനും ജോബിന് സെബാസ്റ്റ്യനും അടങ്ങുന്ന ഡിവിഷന് ബെഞ്ചാണു ക്രിമിനല്‍ കോടതിയലക്ഷ്യക്കേസില്‍ പ്രതിയെ ശിക്ഷിച്ചത്. സമാനരീതിയിലുള്ള ഫേസ്ബുക്ക് പോസ്റ്റുകളെത്തുടര്‍ന്ന് നേരത്തേയും പ്രതിക്കെതിരേ ക്രിമിനല്‍ കോടതിയലക്ഷ്യ കേസ് എടുത്തിരുന്നെങ്കിലും മാപ്പ് അപേക്ഷിച്ചതിനെത്തുടര്‍ന്ന് തുടര്‍നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.