ലിഫ്റ്റിനുള്ളില്‍ തല കുടുങ്ങി സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം
Thursday, July 17, 2025 2:02 AM IST
കൊച്ചി: സര്‍വീസ് ലിഫ്റ്റിനുള്ളില്‍ തല കുടുങ്ങി സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം. എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന പ്രിന്റിംഗ് സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലം പടപ്പാക്കര ചാരുവില്ല പുത്തന്‍വീട്ടില്‍ ബിജു(42) ആണു മരിച്ചത്. ഇന്നലെ രാവിലെ 9.30 നായിരുന്നു സംഭവം.
പ്രിന്റിംഗ് സാമഗ്രികള്‍ താഴത്തെ നിലയില്‍നിന്നു ഒന്നാം നിലയിലേക്ക് ലിഫ്റ്റ് വഴി എത്തിക്കവേയായിരുന്നു അപകടം. ഒന്നാം നിലയിലെത്തിയപ്പോള്‍ സാധനങ്ങള്‍ ഇറക്കുന്നതിനിടെ ഒരു പായ്ക്കറ്റ് ലിഫ്റ്റിനുള്ളിലേക്ക് വീണു. ഇതെടുക്കാനായി പുറത്തുനിന്ന് ബിജു ലിഫ്റ്റിനുള്ളിലേക്ക് തലയിട്ടപ്പോള്‍ ലിഫ്റ്റിന്റെ മുകള്ഭാഗം കഴുത്തില്‍ വന്നു പതിക്കുകയായിരുന്നു.
തല ലിഫ്റ്റിനകത്തു കുടുങ്ങിയ അവസ്ഥയിലുമായിരുന്നു. ഉടന്‍തന്നെ പോലീസും ക്ലബ് റോഡില്‍നിന്നുള്ള അഗ്നിരക്ഷാ സംഘവും എത്തി ലിഫ്റ്റ് പൊളിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മാന്‍പവര്‍ ഏജന്‍സി വഴിയാണ് ഇയാള്‍ ഇവിടെ ജോലിയ്ക്കെത്തിയത്. എറണാകുളം സെന്‍ട്രല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.