ഷെറിന്റെ മോചനം; വകുപ്പുതല നടപടികൾ അതിവേഗം
Wednesday, July 16, 2025 1:51 AM IST
തിരുവനന്തപുരം: ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന്റെ ജയിൽമോചന ഫയൽ വകുപ്പുകളിൽ നീങ്ങിയത് അതിവേഗം. ഷെറിനെ അകാലവിടുതൽ നൽകി ജയിൽമോചിതയാക്കാൻ നിർദേശിച്ച് ഇന്നലെ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയതിനു പിന്നാലെ ഷെറിന് ഇനി ജയിൽമോചിതയാകാം.
ഷെറിനെ ജയിൽമോചിതയാക്കണമെന്ന കണ്ണൂർ ജയിൽ ഉപദേശക സമിതിയുടെ ശിപാർശ 2024 ഓഗസ്റ്റ് എട്ടിനാണ് ജയിൽ ഡിജിപിക്കു സമർപ്പിച്ചത്. പിന്നീട് ശരവേഗത്തിലായിരുന്നു ഷെറിന്റെ ജയിൽമോചനത്തിനായുള്ള ഓരോ വകുപ്പിന്റെയും ഫയൽ നീക്കം. കഴിഞ്ഞ ജനുവരി 28നു ചേർന്ന മന്ത്രിസഭായോഗം ഷെറിനെ ജയിൽമോചിതയാക്കാൻ ശിപാർശ ചെയ്യുകയായിരുന്നു. നിയമവകുപ്പിന്റെ ശിപാർശയിൽ ഇതു സംബന്ധിച്ച കോടതിവിധികൾ വിശദമായി പരിശോധിച്ചില്ലെന്ന കുറിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.
കോടതിവിധി വിശദമായി പരിശോധിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന നിയമവകുപ്പ് അതിന്റെ ഉപസംഹാരത്തിൽ തടവുകാരിക്ക് അകാലവിടുതൽ അനുവദിക്കുന്നതിനു നിയമതടസമില്ലെന്നും അഭിപ്രായപ്പെടുന്നു. തുടർന്നാണ് ഷെറിൻ എന്ന തടവുകാരിയുടെ അകാല വിടുതൽ അനുവദിക്കണമെന്ന കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതിയുടെ ശിപാർശ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കു വിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടത്. ജനുവരി 28നു ചേർന്ന മന്ത്രിസഭ ഇത് അംഗീകരിച്ചു.
എന്നാൽ, ഫയൽ ഗവർണറുടെ മുന്നിൽ ആറുമാസം കിടന്നു. നിയമോപദേശം അടക്കം ലഭ്യമാക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഫയൽ രാജ്ഭവനിൽ വൈകിയത്. 18 വർഷം എട്ടു മാസം തടവുശിക്ഷ അനുഭവിക്കേണ്ട ഷെറിന് 14 വർഷം നാലു മാസം 17 ദിവസം കൊണ്ട് ജയിൽ മോചന നടപടിക്രമങ്ങൾ തുടങ്ങുകയായിരുന്നു.
ഈ 14 വർഷത്തിനിടെ ഒന്നര വർഷത്തോളം ഇവർ പരോളിൽ പുറത്തായിരുന്നതായും ജയിൽ രേഖകൾ വ്യക്തമാക്കുന്നു. 20 വർഷത്തിലേറെ ജയിൽശിക്ഷ അനുഭവിച്ചവരും പ്രായം ചെന്നവരുമായ തടവുകാർ ജയിൽ മോചനത്തിനായി കാത്തിരിക്കുന്നതിനിടെയാണ് അതിവേഗ ഫയൽ നീക്കവുമായി ഷെറിൻ ജയിൽമോചിതയാകുന്നതെന്ന പ്രത്യേകതയുമുണ്ട്.