ഓണാട്ടുകര എള്ളെണ്ണയ്ക്ക് ജൂബിലിയിൽ ഗവേഷണം
Thursday, July 17, 2025 12:07 AM IST
തൃശൂർ: ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾകൊണ്ട് പേറ്റന്റ് ലഭിച്ചിട്ടുള്ള, ഔഷധഗുണമുള്ള തെക്കൻകേരളത്തിലെ ഓണാട്ടുകര എള്ളെണ്ണയെപ്പറ്റി ജൂബിലി ഗവേഷണകേന്ദ്രത്തിൽ തുടർപഠനങ്ങൾ നടത്തും.
ഭൗമസൂചിക അടിസ്ഥാനത്തിൽ മൂന്നുവർഷത്തോളം നടത്തിയ പരിശ്രമഫലമായി 2022ൽ ബൗദ്ധികസ്വത്തവകാശനിയമപ്രകാരം ഓണാട്ടുകര എള്ളെണ്ണയ്ക്കു പേറ്റന്റ് ലഭിച്ചു. പതിനെട്ടാം നൂറ്റാണ്ടുമുതൽ ആയുർവേദചികിത്സയിലും തുടർന്ന് ഗുണമേന്മ തിരിച്ചറിഞ്ഞ് പലവിധത്തിലും ഇത് ഉപയോഗിച്ചുവരുന്നുണ്ട്. പോഷകാഹാരമായും ഭക്ഷണപൂരകമായും ഉപയോഗിക്കാൻ സാധിക്കുന്നവിധത്തിൽ ഗുളികരൂപത്തിൽ വില്പനയ്ക്കെത്തിക്കാനാണ് ഓണാട്ടുകര വികസന ഏജൻസി പരിശ്രമിക്കുന്നത്.
ഓണാട്ടുകര എള്ളെണ്ണ ഉപയോഗിക്കുമ്പോൾ വിഷലിപ്തതയുണ്ടോ, ഏത് അളവിൽ മനുഷ്യ ഉപയോഗത്തിനു സാധിക്കും എന്നിവയാണ് ജൂബിലി ഗവേഷണകേന്ദ്രത്തിൽ പഠനവിധേയമാക്കുക.
കൃഷിമന്ത്രി അധ്യക്ഷനായ ഓണാട്ടുകര വികസന ഏജൻസി ജൂബിലി ഗവേഷണകേന്ദ്രത്തെ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ചുമതലപ്പെടുത്തി. മുഴുവൻ ചെലവും ഏജൻസി വഹിക്കും. വൈസ് ചെയർമാൻ എൻ. രവീന്ദ്രൻ ഇതുസംബന്ധിച്ച ഉത്തരവ് ജൂബിലി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയന ു കൈമാറി. ഏജൻസി ചീഫ് ഡവലപ്മെന്റ് ഓഫീസർ വി.ആർ. വിനീഷ് പഠനത്തിന്റെ ആവശ്യകത വിവരിച്ചു.
ആദ്യം പരീക്ഷണശാലയിൽ ലഭ്യമായ മനുഷ്യശരീരകോശങ്ങളിലും തുടർന്ന് എലികളിൽ മൂന്നു ഘട്ടമായും പഠനങ്ങൾ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നു പഠനത്തിനു നേതൃത്വം നൽകുന്ന ഡോ. ദിലീപ് വിജയൻ വിശദീകരിച്ചു. ഇക്കാര്യത്തിൽ ജൂബിലി ഗവേഷണകേന്ദ്രത്തിനുള്ള മുൻപരിചയം റിസർച്ച് ഡയറക്ടർ ഡോ. ഡി.എം. വാസുദേവൻ വിശദീകരിച്ചു.
ജൂബിലി സിഇഒ ഡോ. ബെന്നി ജോസഫ്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കര, റിസർച്ച് കോ-ഓർഡിനേറ്റർ ഡോ. പി.ആർ. വർഗീസ്, ഓണാട്ടുകര ഏജൻസിയിലെ അഡ്വ. കെ.വി. വിനായക് തുടങ്ങിയവർ പങ്കെടുത്തു.