“വണ്ടി ഷെഡിലേക്ക് ഇട്ടേക്ക് ”; രജിസ്ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് വിലക്കി വിസി
Wednesday, July 16, 2025 1:51 AM IST
തിരുവനന്തപുരം: ഭാരതാംബ ചിത്രവിവാദത്തിൽ പരസ്പരം ഏറ്റുമുട്ടൽ തുടങ്ങിയ കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേലും രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. ഔദ്യോഗിക വാഹനം രജിസ്ട്രാർ ഉപയോഗിക്കരുതെന്ന നിർദേശം വൈസ് ചാൻസലർ നല്കി.
സസ്പെൻഷനിലുള്ള രജിസ്ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കാൻ പാടില്ലെന്നും വാഹനത്തിന്റെ താക്കോൽ തിരികെ വാങ്ങണമെന്നും സർവകലാശാല സെക്യൂരിറ്റി ഓഫീസർക്ക് വൈസ് ചാൻസലർ നിർദേശം നല്കി. വാഹനം ഗാരേജിലേക്ക് നീക്കണമെന്നും വിസി നിർദേശിച്ചു.
എന്നാൽ, ഈ നിർദേശം സർവകലാശാല സെക്യൂരിറ്റി ഓഫീസർ നടപ്പാക്കുമോ എന്നതും ചോദ്യമായി നിലനില്ക്കുന്നു. തന്റെ നിയമനാധികാരി സിൻഡിക്കറ്റാണെന്നും സിൻഡിക്കറ്റ് തീരുമാനമേ തനിക്കു ബാധകമാകുകയുള്ളൂവെന്നും രജിസ്ട്രാർ നിലപാട് വ്യക്തമാക്കിയിരുന്നു.
എന്നാൽ രജിസ്ട്രാറുടെ ചുമതല ഇപ്പോൾ ഡോ. മിനി കാപ്പനാണെന്നാണ് വൈസ് ചാൻസലറുടെ നിലപാട്. ഡ്രൈവറുടെ കൈയിൽനിന്നു സെക്യൂരിറ്റി ഓഫീസർ കാറിന്റെ താക്കോൽ വാങ്ങി മിനി കാപ്പനെ ഏൽപ്പിക്കാനാണ് നിർദേശിച്ചത്. ഇതോടെ, സർവകലാശാലയിലെ പോര് കൂടുതൽ രൂക്ഷമായി. ഔദ്യോഗിക വാഹനം നിഷേധിച്ച വിസിയുടെ നിലപാടിനോട് രജിസ്ട്രാറും സിൻഡിക്കറ്റും രൂക്ഷമായി പ്രതികരിക്കാനാണ് സാധ്യത.
സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ തങ്ങൾക്കാണ് പൂർണ അധികാരമെന്ന നിലപാടാകും സിൻഡിക്കറ്റ് സ്വീകരിക്കുക. വരും ദിവസങ്ങളിൽ ഏറ്റുമുട്ടൽ രൂക്ഷമാകുമെന്നുറപ്പ്. ഇതിനിടെ താത്കാലിക വൈസ് ചാൻസലർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ കേരള സർവകലാശാലയിലേക്ക് മാർച്ച് നടത്തി.