കാരണവർ കൊലക്കേസ്: ഷെറിന്റെ വിടുതൽ ഉത്തരവ് ജയിലിലെത്തി
Thursday, July 17, 2025 2:02 AM IST
കണ്ണൂര്‍: ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ഉടന്‍ ജയില്‍ മോചിതയാകും. മോചന ഉത്തരവ് കണ്ണൂര്‍ വനിതാ ജയിലിലെത്തി. നിലവിൽ ഷെറിൻ പരോളിലാണ്. 24ന് തിരിച്ചെത്തിയാലുടൻ ജയിൽ മോചിതയാകും.
ഷെറിന്റെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചതോടെയാണ് മോചനത്തിനുള്ള സാധ്യത തുറന്നത്. ഷെറിന് അടക്കം പതിനൊന്ന് പ്രതികളുടെ ശിക്ഷാ ഇളവാണ് ഗവര്‍ണര്‍ അംഗീകരിച്ചത്.
ജയിലിലെ നല്ലനടപ്പ് പരിഗണിച്ചായിരുന്നു ഷെറിന് ശിക്ഷായിളവ് നല്കാന് ജയില്‍ ഉപദേശകസമിതി ശിപാര്‍ശ ചെയ്തത്.
കണ്ണൂർ ജയിലിൽ കഴിയുന്നതിനിടെ നൈജീരിയൻ സ്വദേശിനിയായ തടവുകാരിയെ മർദിച്ചെന്ന പരാതിയും ഷെറിനെതിരേയുണ്ട്. നൈജീരിയൻ സ്വദേശിനിയായ ജൂലിയെ മര്‍ദിച്ചതിന് ഷെറിനെ ഒന്നാം പ്രതിയാക്കി കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിരുന്നു. നല്ലനടപ്പിന് ഷെറിന് ഇളവ് നല്കാന് മന്ത്രിസഭ തീരുമാനിച്ചതിനുശേഷം കഴിഞ്ഞ ഡിസംബറിലായിരുന്നു ഈ സംഭവം.
2009 നവംബര്‍ ഏഴിനാണ് ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്കര കാരണവരെ ഷെറിന് കൊലപ്പെടുത്തിയത്. ശാരീരിക വെല്ലുവിളികളുള്ള ഭാസ്കര കാരണവറുടെ ഇളയമകന് ബിനു പീറ്ററിന്റെ ഭാര്യയാണ് ഷെറിൻ. ദാമ്പത്യപൊരുത്തക്കേടുകളും മറ്റു ബന്ധങ്ങളും ചോദ്യം ചെയ്ത വിരോധത്തിൽ ഭാസ്കര കാരണവരെ കൊലപ്പെടുത്തിയെന്നാണ് കേസ്.