സംസ്ഥാന ചലച്ചിത്ര നയം ആറു മാസത്തിനുള്ളിൽ: മന്ത്രി
Thursday, July 17, 2025 12:07 AM IST
തിരുവനന്തപുരം: ആറു മാസത്തിനുള്ളിൽ സംസ്ഥാന ചലച്ചിത്ര നയം രൂപീകരിച്ച് നടപ്പാക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.
ചലച്ചിത്ര നയ രൂപീകരണത്തിനു മുന്നോടിയായി അടുത്ത മാസം രണ്ട്, മൂന്ന് തീയതികളിൽ തിരുവനന്തപുരത്ത് കേരള ഫിലിം പോളിസി കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും.
കോണ്‍ക്ലേവിൽ സിനിമ മേഖലയുമായി ബന്ധപ്പെട്ട ഒന്‍പത് വിഷയങ്ങളിൽ വിദഗ്ധരെ ഉൾപ്പെടുത്തി പാനൽ ചർച്ചകൾ സംഘടിപ്പിക്കും. ഇതിനുശേഷം പൊതുചർച്ചയും തുടർന്നു പൊതുചർച്ചയിൽ ഉരുത്തിരിയുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ചലച്ചിത്ര നയം രൂപീകരിക്കും. തുടർന്നു മന്ത്രിസഭാ യോഗത്തിലും നയം അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ആവിഷ്കാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന നിരവധി വിഷയങ്ങൾ ഇപ്പോൾ സിനിമ മേഖലയിൽ ഉയരുന്നുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കത്രിക വയ്ക്കാനുള്ള ഒരവകാശവും സെൻസർ ബോർഡിനില്ല. ബോധപൂർവമായ കത്തിവയ്ക്കലുകളാണ് ഇപ്പോൾ നടക്കുന്നത്. ഈ വിഷയങ്ങളടക്കം കോണ്‍ക്ലേവിൽ ചർച്ച ചെയ്യും.
സിനിമാ മേഖലയിലെ തൊഴിൽ സുരക്ഷ, തൊഴിൽ നിയമങ്ങൾ തുടങ്ങിയ വിഷയങ്ങൾക്കു കോണ്‍ക്ലേവ് ഊന്നൽ നൽകും. സംസ്ഥാന സർക്കാരിന്റെ ഇ-ടിക്കറ്റിംഗ് പ്ലാറ്റ്ഫോം ഒരു വർഷത്തിനുള്ളിൽ യാഥാർഥ്യമാകും. സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോം സംബന്ധിച്ച പ്രശ്നങ്ങൾ വൈകാതെ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.