സന്നിധാനത്തേക്ക് എഡിജിപിയുടെ ട്രാക്ടര്‍ യാത്രയ്ക്കെതിരേ കോടതി
Thursday, July 17, 2025 2:03 AM IST
കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ എഡിജിപി എം.ആര്. അജിത്കുമാര്‍ ട്രാക്ടര്‍ യാത്ര നടത്തിയതിനെതിരേ ഹൈക്കോടതി.
സംഭവം ഏറെ ദൗര്‍ഭാഗ്യകരമാണെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. സുരക്ഷ കണക്കിലെടുത്ത് ശബരിമലയില്‍ ട്രാക്ടറുകളില്‍ ആളെ കയറ്റുന്നതു വിലക്കി 2021ല്‍ ഉത്തരവുള്ളതാണ്. ഇതു ലംഘിക്കുന്ന സ്ഥിതിയാണുണ്ടായതെന്നും കോടതി പരാമര്‍ശിച്ചു.
കഴിഞ്ഞ 12, 13 തീയതികളിലാണ് എഡിജിപി പമ്പയില്‍നിന്നു സന്നിധാനത്തേക്കും തിരിച്ചും ട്രാക്ടറില്‍ യാത്ര ചെയ്തത്. പോലീസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലായിരുന്നു യാത്ര. ഇതുസംബന്ധിച്ച് ശബരിമല സ്പെഷല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കോടതി ഹര്‍ജി പരിഗണനയ്ക്കെടുത്തത്.
സംഭവത്തില്‍ എഡിജിപിയില്നിന്നു സംസ്ഥാന പോലീസ് മേധാവി വിശദീകരണം തേടിയിട്ടുണ്ടെന്നും ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരേ പമ്പ സ്റ്റേഷനില്‍ കേസെടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.