കുരങ്ങുകളെ വന്ധ്യംകരിക്കാൻ വനം വകുപ്പു പദ്ധതി
Thursday, July 17, 2025 12:07 AM IST
നിലന്പൂർ: കുരങ്ങുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അവയെ നിയന്ത്രിക്കുന്നതിനായി വന്ധ്യംകരണ പദ്ധതി നടപ്പാക്കാനൊരുങ്ങി വനംവകുപ്പ്. നേരത്തേ വയനാട് ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കാനാണു ലക്ഷ്യമിടുന്നത്.
ആണ്, പെണ് കുരങ്ങുകൾക്കു വന്ധ്യംകരണം നടപ്പാക്കും. ജനവാസ കേന്ദ്രങ്ങളോടു ചേർന്നുള്ള കുരങ്ങുകളെ പിടിച്ചു വെറ്ററിനറി ഡോക്ടർമാരുടെ സഹായത്തോടെയാണു വന്ധ്യംകരണം നടത്തുക. ഒന്നോ രണ്ടോ ദിവസം അവയെ നിരീക്ഷിച്ചതിനു ശേഷം കുരങ്ങുകളെ വിട്ടയയ്ക്കും. പദ്ധതി പ്രവർത്തനം സംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി. കൃഷ്ണൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചർച്ചകൾ നടത്തിയിരുന്നു.
നിലവിൽ കാട്ടുപന്നികളെക്കാൾ ശല്യം ഭാവിയിൽ കുരങ്ങുകൾ മുഖേന ഉണ്ടായേക്കാമെന്നാണു വനം വകുപ്പിന്റെ നിരീക്ഷണം. വനത്തിനുള്ളിൽ കുരങ്ങുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്ന കുരങ്ങുകൾമൂലം വലിയ ശല്യമാണ് സാധാരണക്കാർക്കുണ്ടാകുന്നത്.
കർഷകർക്കുള്ള ശല്യം അതിലേറെ വലുതാണ്. ഒട്ടുമിക്ക കാർഷിക വിളകളും കുരങ്ങുകൾ നശിപ്പിക്കുന്നുണ്ട്.