പി.സി. ജോർജിനെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്
Thursday, July 17, 2025 2:02 AM IST
തൊടുപുഴ: വിദ്വേഷ പ്രസംഗം നടത്തിയെന്ന ഹർജിയിൽ പി.സി.ജോർജിനെതിരേ കേസെടുക്കാൻ തൊടുപുഴ സിജെഎം കോടതി ഉത്തരവിട്ടു.
എച്ച്ആർഡിഎസിന്റെ നേതൃത്വത്തിൽ അടിയന്തരാവസ്ഥയുടെ 50-ാംവാർഷികത്തോടനുബന്ധിച്ച് ജയിൽവാസം അനുഭവിച്ചവരെ ആദരിക്കുന്ന ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ വർഗീയ പരാമർശം നടത്തിയെന്നു കാണിച്ച് യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. അനീഷ് കാട്ടാക്കട നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
പരിപാടിയുടെ സംഘാടകരായ എച്ച്ആർഡിഎസ് ഇന്ത്യ സെക്രട്ടറി അജി കൃഷ്ണനെതിരേ കേസെടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. നേരത്തേ തൊടുപുഴ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും ആവശ്യമായ തെളിവുകൾ ഇല്ലെന്ന കാരണത്താൽ കേസെടുക്കാൻ തയാറായിരുന്നില്ല. ഇതേ തുടർന്നാണ് കോടതിയെ സമീപിച്ചത്.