എംഎസ്സി എല്‍സ 3; നഷ്ടപരിഹാര ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ചു
Wednesday, July 16, 2025 1:51 AM IST
കൊച്ചി: കേരളതീരത്ത് എംഎസ്സി എല്‍സ 3 കപ്പല്‍ മുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരം തേടുന്ന ഹര്‍ജികള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
കപ്പലപകടവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍, ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയ്ക്കു നിര്‍ദേശങ്ങൾ എന്തെങ്കിലുമുണ്ടെങ്കില്‍ അക്കാര്യം കോടതിയെ അറിയിക്കാമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
അപകടകരമായ കണ്ടെയ്നറടക്കം മുങ്ങിയതിനെത്തുടര്‍ന്നു തൊഴില്‍ നഷ്ടമുണ്ടായ മത്സ്യത്തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപനടക്കം സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.
നഷ്ടപരിഹാരത്തിനായി സര്‍ക്കാര്‍ സമര്‍പ്പിച്ച അഡ്മിറാലിറ്റി സ്യൂട്ട് സിംഗിള്‍ ബെഞ്ച് പരിഗണിക്കുന്നതു കണക്കിലെടുത്ത് ഈ ഹര്‍ജികള്‍ സെപ്റ്റംബറില്‍ പരിഗണിക്കാന്‍ മാറ്റി. ഹര്‍ജി പരിഗണനയ്ക്കെടുത്തപ്പോള്‍ കപ്പല്‍ കമ്പനിയുടെ അഭിഭാഷകനാണു നഷ്ടപരിഹാരം തേടി സര്‍ക്കാര്‍ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്ത വിവരം കോടതിയെ അറിയിച്ചത്.
മുങ്ങിയ കപ്പല്‍ നീക്കുന്നതടക്കമുള്ള ജോലികള്‍ ഓഗസ്റ്റിലേ തുടങ്ങാനാകൂവെന്നും പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കപ്പലിലെ സാധനങ്ങള്‍ നീക്കം ചെയ്യുന്നതടക്കമുള്ള ജോലികള്‍ക്കു ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അനുമതി നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി.