ഉമ്മൻ ചാണ്ടി എല്ലാവരോടും അനുകന്പയോടെ പെരുമാറിയ നേതാവ്: വി.ഡി. സതീശൻ
Thursday, July 17, 2025 2:02 AM IST
തിരുവനന്തപുരം: എല്ലാവരുടെയും പ്രശ്നങ്ങളെ അനുകന്പയോടെ സമീപിച്ചിരുന്ന താരതമ്യമില്ലാത്ത നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറി ആയിരുന്ന പി.ടി. ചാക്കോ രചിച്ച ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവചരിത്രം വിസ്മയതീരത്ത് പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മൻ ചാണ്ടിയെ മാതൃകയാക്കാൻ പോലും സാധിക്കില്ലായിരുന്നു. അദ്ദേഹം അതിനെല്ലാം അപ്പുറമായിരുന്നു. തീരുമാനങ്ങൾ എടുക്കാനും അതു നടപ്പിലാക്കാനും അദ്ദേഹത്തിനറിയാമായിരുന്നു. അതിനു നിയമതടസങ്ങളുണ്ടെങ്കിൽ ഈ തടസങ്ങൾ നീക്കി തീരുമാനങ്ങൾ എടുക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. തന്റെ നിയമസഭാ പ്രവർത്തനത്തിൽ ഏറ്റവും കൂടുതൽ സ്വാതന്ത്ര്യവും അവസരവും ലഭിച്ചത് ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴാണ്.
ഇതരസംസ്ഥാന ലോട്ടറിക്കെതിരായ പോരാട്ടമൊക്കെ നല്ല നിലയിൽ നടത്താൻ സാധിച്ചത് ഉമ്മൻ ചാണ്ടിയുടെ പിന്തുണ ഒന്നു കൊണ്ടു മാത്രമാണെന്ന് സതീശൻ അനുസ്മരിച്ചു.
സൂര്യ കൃഷ്ണമൂർത്തിക്ക് പുസ്തകം നൽകി വി.ഡി. സതീശൻ പ്രകാശനം നിർവഹിച്ചു. കോണ്ഗ്രസ് നേതാവ് എം.എം. ഹസൻ, സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോണ്, റോസ് മേരി, ചലച്ചിത്ര നിർമാതാവ് എം. രഞ്ജിത് തുടങ്ങിയവർ പ്രസംഗിച്ചു. പി.ടി. ചാക്കോ നന്ദി പറഞ്ഞു.