എഡിജിപിയുടെ ട്രാക്ടർ യാത്ര; ഡ്രൈവർക്കെതിരേ കേസ്
Thursday, July 17, 2025 12:07 AM IST
പത്തനംതിട്ട: പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് എഡിജിപി എം. ആര്. അജിത്കുമാര്‍ ട്രാക്ടറിൽ യാത്ര നടത്തിയതുമായി ബന്ധപ്പെട്ട് ഡ്രൈവർക്കെതിരേ കേസെടുത്ത് പോലീസ്. സംസ്ഥാന പോലീസ് മേധാവിയുടെ ഉടമസ്ഥതയിലുള്ളതാണ് ട്രാക്ടർ.
ശബരിമലയിൽ പോലീസ് ആവശ്യത്തിന് ഉപയോഗിച്ചുവരുന്നതാണ് ട്രാക്ടർ. ട്രാക്ടറിൽ യാത്ര അനുവദിച്ചില്ലെന്നിരിക്കേ എഡിജിപിയെ ഇതിൽ കയറ്റിക്കൊണ്ടുപോയെന്ന പേരിലാണ് പന്പ പോലീസ് എഫ്ഐആറിൽ ഡ്രൈവറെ പ്രതി ചേർത്തത്.
എഡിജിപിയുടെ ട്രാക്ടർ യാത്രയെ സംബന്ധിച്ച് ദേവസ്വം വിജിലന്‍സ് സ്പെഷൽ കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് ഹൈക്കോടതിയുടെ പരിഗണനയിലുമെത്തിയിട്ടുണ്ട്.
നവഗ്രഹ പ്രതിഷ്ഠയ്ക്കായി കഴിഞ്ഞദിവസം ശബരിമല നട തുറന്നപ്പോഴാണ് എഡിജിപി ദര്‍ശനത്തിനായി വന്നത്. 12ന് വൈകുന്നേരം സന്നിധാനത്തേക്ക് ട്രാക്ടറില്‍ പോയ എം. ആര്. അജിത്കുമാര്‍ 13ന് രാവിലെ തിരിച്ചിറങ്ങിയതും ട്രാക്ടറില്ത്തന്നെ.
പമ്പയില്‍നിന്നും സന്നിധാനത്തേക്ക് ട്രാക്ടറില്‍ ആളെ കയറ്റാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് അതു ലംഘിച്ച് പോലീസ് ഉന്നതന് ട്രാക്ടറില്‍ മലകയറിയത്. ചരക്കുനീക്കത്തിനു മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നാണ് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം.
മുമ്പും ശബരിമലയിലെത്തുമ്പോള്‍ എഡിജിപി സമാനരീതിയില്‍ യാത്ര ചെയ്തിട്ടുണ്ട്. ആളൊഴിഞ്ഞ സ്ഥലത്തുനിന്നാണ് ഇദ്ദേഹം ട്രാക്ടറില്‍ കയറിയതും ഇറങ്ങിയതും.