സി.വി. പദ്മരാജന് സൗമ്യരാഷ്ട്രീയത്തിന്റെ മുഖം: സതീശൻ
Thursday, July 17, 2025 12:07 AM IST
തിരുവനന്തപുരം: കോണ്‍ഗ്രസ് തറവാട്ടിലെ കാരണവരാണ് സി.വി. പദ്മരാജൻ എന്ന പത്മരാജൻ വക്കീൽ. ഐക്യമാണ് ശക്തിയെന്ന സന്ദേശത്തിന്റെ പ്രയോക്താവ്. മാന്യവും സൗമ്യവുമായ രാഷ്ട്രീയത്തിന്റെ മുഖം-പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അനുസ്മരിച്ചു.
ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും കെപിസിസി അധ്യക്ഷനായും മന്ത്രിയായും അസാമാന്യ നേതൃപാടവം കാട്ടിയ വ്യക്തിത്വമാണ് സി.വി. പദ്മരാജന്റേത്.
ലീഡര്‍ കെ. കരുണാകരന് കേരളത്തിന്റെ മുഖ്യമന്ത്രിയും സി.വി. പത്മരാജന് കെപിസിസി അധ്യക്ഷനുമായിരുന്ന ഒരു കാലഘട്ടത്തിനു കോണ്‍ഗ്രസ് രാഷ്ട്രീയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. കേരള ചരിത്രത്തില്‍ കോണ്‍ഗ്രസിന്റെ സുവര്‍ണകാലഘട്ടമായിരുന്നു അത്.
കെപിസിസിക്ക് സ്വന്തമായി ഒരു ആസ്ഥാന മന്ദിരമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയതും പദ്മരാജൻ വക്കീലിന്റെ കാലത്തായിരുന്നു.
കെപിസിസി അധ്യക്ഷനെന്ന നിലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കും കെട്ടുറപ്പിനും മാത്രമാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്. വിയോജിപ്പുകള്‍ക്കിടയിലും യോജിപ്പിന്റേതായ വഴികളും അതിനു വേണ്ടിയുള്ള ഇടപെടലുകളുമായിരുന്നു പദ്മരാജൻ വക്കീലിന്റെ രാഷ്ട്രീയ ലൈനെന്ന് സതീശൻ അനുസ്മരിച്ചു.