താത്കാലിക വിസി നിയമനം: സർക്കാർ പാനൽ നിയമവിരുദ്ധമെന്നു ഗവർണർ
Thursday, July 17, 2025 2:03 AM IST
തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ താത്കാലിക വൈസ്ചാൻസലർ നിയമനത്തിനായി സർക്കാർ നൽകിയ പാനൽ നിയമവിരുദ്ധമാണെന്നു ഗവർണർ.
സർവകലാശാലയിലെ പ്രോ വൈസ്ചാൻസലർ, സമീപത്തെ സർവകലാശാലയിലെ വിസി, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരെയാണ് യൂണിവേഴ്സിറ്റി ആക്ട് പ്രകാരം താത്കാലിക നിയമനത്തിന് പരിഗണിക്കേണ്ടത്. എന്നാൽ സർക്കാർ നൽകിയ പാനലിൽ ഇവരല്ല ഉള്ളത്. അതിനാൽ സർക്കാർ ശിപാർശ നിയമവിരുദ്ധമാണ്.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിസി സ്ഥാനത്തേയ്ക്ക് ഡോ. ജയപ്രകാശ്, ഡോ. പ്രവീണ്‍, ഡോ. ആർ. സജീബ് എന്നിവരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ശിപാർശ ചെയ്തിരുന്നു. ഇവരുടെ കാര്യത്തിലാണ് ഗവർണറുടെ നിലപാട്.
യൂണിവേഴ്സിറ്റി ആക്ട് അനുസരിച്ച് സർക്കാർ ശിപാർശ നൽകിയാലും നിയമിക്കാനാകില്ല. രണ്ടിടത്തും പിവിസിയില്ല. അക്കാദമിഷ്യനല്ലാത്ത വകുപ്പ് സെക്രട്ടറിയെയും യുജിസി ചട്ടപ്രകാരം നിയമിക്കാനാകില്ല. സമീപത്തെ ഏക സ്ഥിരം വിസി ആരോഗ്യസർവകലാശാലയിലെ ഡോ. മോഹനൻ കുന്നുമ്മലാണ്.
സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ ആക്ട് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായുള്ളതാണെന്നും നിയമസാധുതയില്ലാത്തതാണെന്നും സുപ്രീംകോടതിയിലെ അപ്പീലിൽ ഗവർണർ ചൂണ്ടിക്കാട്ടും. അപ്പീൽ നൽകിയ ശേഷമാകും താത്കാലിക വിസിമാരുടെ പട്ടിക റദ്ദാക്കുകയെന്നാണ് വ്യക്തമാകുന്നത്.