കേരളത്തെ അതിദാരിദ്ര്യ നിർമാർജിത സംസ്ഥാനമായി പ്രഖ്യാപിക്കാൻ സർക്കാർ
Thursday, September 12, 2024 5:17 AM IST
ബിനു ജോർജ്
കോഴിക്കോട്: ഭവനരഹിതരായ അതിദരിദ്ര കുടുംബങ്ങളെ വാടകവീടുകളിലേക്കു മാറ്റിപ്പാർപ്പിച്ച്, ഇന്ത്യയിലാദ്യമായി അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്ന സംസ്ഥാനം എന്ന ഖ്യാതി കൈവരിക്കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ.
അതിദാരിദ്ര്യ നിർണയ പ്രക്രിയയിലൂടെ തയാറാക്കിയ മൈക്രോ പ്ലാനിലുൾപ്പെട്ട ഭവനരഹിതരായ അതിദരിദ്ര കുടുംബങ്ങൾക്ക് താത്കാലികമായിട്ടെങ്കിലും ഭവനം ഒരുക്കിയില്ലെങ്കിൽ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാനാകില്ലെന്നു കണ്ടാണു നടപടി. 2025 നവംബർ ഒന്നിനു കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുകയാണു സർക്കാർ ലക്ഷ്യം.
ആ കാലയളവിനുള്ളിൽ ലൈഫ് ഭവനപദ്ധതിയിലൂടെ എല്ലാവർക്കും വീട് എന്ന ലക്ഷ്യം കൈവരിക്കാൻ ബുദ്ധിമുട്ടാണെന്നു കണ്ട് വീടു ലഭ്യമാകുന്നതുവരെ ഇത്തരം കുടുംബങ്ങളെ പാർപ്പിക്കാൻ വീടുകളും കെട്ടിടങ്ങളും വാടകയ്ക്ക് എടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു സർക്കാർ നിർദേശം നൽകി.
പഞ്ചായത്തുകളിലാണെങ്കിൽ ഒരു വീടിന് 5,000 രൂപയും മുനിസിപ്പാലിറ്റി പരിധികളിൽ 7,000 രൂപയും കോർപറേഷനുകളിൽ പരമാവധി 8,000 രൂപയും വീട്ടുവാടക ഇനത്തിൽ പഞ്ചായത്തുകൾക്കു ചെലവഴിക്കാം. ഇതിനുള്ള തുക വാർഷിക പദ്ധതിയിൽനിന്നോ തനതുഫണ്ടിൽനിന്നോ തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തണം. സ്പോണ്സർഷിപ്പ് സ്വീകരിക്കാനും അനുമതി നൽകിയിട്ടുണ്ട്.
2021ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗ തീരുമാനമായിരുന്നു അതിദാരിദ്ര്യ നിർമാർജന പദ്ധതി. വിവിധതലങ്ങളിലുള്ള സർവേ പ്രക്രിയയ്ക്കു ശേഷം 64,006 കുടുംബങ്ങളുടെ അന്തിമ ലിസ്റ്റാണ് തയാറാക്കിയിരിക്കുന്നത്. അതിദരിദ്രരുടെ ലിസ്റ്റിൽ 1,735 പേർക്ക് സ്വന്തമായി ഭക്ഷണത്തിനുള്ള വകയില്ല. 1,622 പേർ മാരകരോഗത്തിന്റെ പിടിയിലാണ്. ലിസ്റ്റിലുള്ള 68 ശതമാനം ആളുകൾ ഒറ്റപ്പെട്ടു താമസിക്കുന്നവരാണ്.
അതിദരിദ്രരിൽ 12,763 പട്ടികജാതി വിഭാഗക്കാരും 3201 പട്ടികവർഗ വിഭാഗക്കാരും 2,737 തീരദേശവാസികളുമാണ്. ഒരു വരുമാനവും ഇല്ലാത്തവർ, ആരോഗ്യാവസ്ഥ മോശമായവർ, രണ്ടു നേരം ഭക്ഷണം കഴിക്കാൻ കഴിയാത്തവർ, റേഷൻ കിട്ടുന്നുവെങ്കിലും പാകം ചെയ്തു കഴിക്കാൻ കഴിയാത്തവർ തുടങ്ങിയവരാണ് അതിദരിദ്രരുടെ പട്ടികയിലുള്ളത്.
64,006 കുടുംബങ്ങളിൽ 75 ശതമാനം ആളുകൾ പൊതുവിഭാഗത്തിലും 20 ശതമാനം പട്ടികജാതി വിഭാഗത്തിലും, അഞ്ചു ശതമാനം പട്ടികവർഗ വിഭാഗത്തിലും ഉൾപ്പെടുന്നവരാണ്. ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു എന്നറിയാത്ത വളരെ ചെറിയ ശതമാനം കുടുംബങ്ങളും ലിസ്റ്റിലുണ്ട്.
8,553 ദരിദ്രകുടുംബങ്ങളുളള മലപ്പുറം ജില്ലയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് (13.4 ശതമാനം). തൊട്ടുപിന്നാലെ തിരുവനന്തപുരം ജില്ലയാണ് (11.4 ശതമാനം). ഏറ്റവും കുറവ് ദരിദ്രർ വസിക്കുന്നത് കോട്ടയം ജില്ലയിലാണ് (1071 കുടുംബങ്ങൾ). ഭക്ഷണം, ആരോഗ്യം, വരുമാനം, പാർപ്പിടം എന്നീ ഇല്ലായ്മ ഘടകങ്ങളെ ആസ്പദമാക്കിയാണ് അതിദരിദ്രരുടെ പട്ടിക തയാറാക്കിയത്.
സർവേയിലൂടെ കണ്ടെത്തിയ 35 ശതമാനം കുടുംബങ്ങൾക്കു വരുമാനത്തിന്റെ അഭാവവും 24 ശതമാനം കുടുംബങ്ങൾക്ക് ആരോഗ്യസംബന്ധമായ പ്രശ്നങ്ങളും 21 ശതമാനത്തിനു ഭക്ഷണത്തിന്റെ അഭാവവും 15 ശതമാനം കുടുംബങ്ങൾക്കു പാർപ്പിടത്തിന്റെ അഭാവവും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.