ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യ കുറ്റപത്രം ഈയാഴ്ച
Tuesday, October 14, 2025 1:20 AM IST
കൊച്ചി: കോതമംഗലത്ത് 23കാരിയായ ടിടിസി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് ഈയാഴ്ച കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമര്‍പ്പിക്കും. പ്രതിയായ പാനായിക്കുളം സ്വദേശി റമീസ് യുവതിയെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
കൊല്ലപ്പെട്ട പെണ്‍കുട്ടിയും റമീസും കോളജ് കാലം മുതല്‍ പ്രണയത്തിലായിരുന്നു. വിവാഹം കഴിച്ച് റമീസിനൊപ്പം ജീവിക്കാനായിരുന്നു പെണ്‍കുട്ടിയുടെ തീരുമാനം. എന്നാല്‍, റമീസ് ഇടപ്പള്ളി സെക്സ് വര്‍ക്കേഴ്സ് എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതും ഇടപ്പള്ളിയില്‍ പോയതും പെണ്‍കുട്ടി കണ്ടെത്തിയതോടെയാണ് ഇവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. ഈ വിവരം റമീസിന്റെ പിതാവിനെ അറിയിച്ചതോടെ റമീസ് വീടുവിട്ട് ഇറങ്ങിപ്പോകുകയും പിന്നീട് പെണ്‍കുട്ടിയുമായി സംസാരിക്കാതിരിക്കുകയും ചെയ്തു.
മതം മാറിയാല്‍ മാത്രമേ വിവാഹം കഴിക്കുകയുള്ളുവെന്ന് റമീസ് ഫോണിലൂടെ പെണ്‍കുട്ടിയോട് പറഞ്ഞു. പിന്നീട് റമീസിനെ ഫോണില്‍ വിളിച്ച് കിട്ടാതായി. കൂട്ടുകാരി വഴി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രയോജനമുണ്ടായില്ല. ഇതോടെയാണ് ആത്മഹത്യാക്കുറിപ്പ് എഴുതി ജീവനൊടുക്കാന്‍ പെണ്‍കുട്ടി തീരുമാനിച്ചതെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്.
റമീസ് വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നും മതം മാറാന്‍ നിര്‍ബന്ധിച്ചെന്നും ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമമല്ല, മറിച്ച് പ്രണയം തുടരാന്‍ കഴിയാത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തല്‍. കേസില്‍ റമീസിന്റെ മാതാപിതാക്കളും പ്രതികളാണ്.
റമീസിനും മാതാപിതാക്കള്‍ക്കുമെതിരേ ആത്മഹത്യാ പ്രേരണക്കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യത്തിന് കൂട്ടുനിന്നതിന്റെ പേരില്‍ റമീസിന്റെ സുഹൃത്ത് സഹദും അറസ്റ്റിലായിരുന്നു.
അതേസമയം, നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമമാണ് മകളുടെ ആത്മഹത്യക്കു കാരണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.