ഭിന്നശേഷി സംവരണം ; സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് സീറോമലബാർ സഭ
Tuesday, October 14, 2025 1:20 AM IST
കൊച്ചി: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എൻഎസ്എസിന് അനുകൂലമായി സുപ്രീംകോടതിയിൽനിന്നു ലഭിച്ച ഉത്തരവ്, സംസ്ഥാനത്തെ മറ്റു മാനേജ്മെന്റുകൾക്കും ബാധകമാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് സീറോ മലബാർ സഭാ വക്താവ് ഫാ. ടോം ഓലിക്കരോട്ട്.
ഭിന്നശേഷി നിയമനത്തിലെ പ്രതിസന്ധി മൂലം നിയമനാംഗീകാരം ലഭിക്കാത്ത സംസ്ഥാനത്തെ 16,000ത്തോളം അധ്യാപകർക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പൊതുവിദ്യാഭ്യാസ മന്ത്രിയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലെടുത്ത ഈ സുപ്രധാനമായ തീരുമാനം ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട വിഷയം കോടതി വീണ്ടും പരിഗണിക്കുമ്പോൾ പുതിയ തീരുമാനത്തിനനുസരിച്ചുള്ള നിലപാടാകും സർക്കാർ സ്വീകരിക്കുകയെന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവന ആശ്വാസകരമാണ്.
ഭിന്നശേഷി സംവരണ വിഷയത്തിന്റെ പേരിൽ മറ്റ് അധ്യാപക തസ്തികകൾക്ക് അംഗീകാരം നൽകാത്തതിലെ വലിയ പ്രതിസന്ധി കത്തോലിക്കാ സഭയും സമുദായ സംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നു. ഭിന്നശേഷി നിയമനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണം എന്നുതന്നെയാണ് ക്രൈസ്തവ മാനേജ്മെന്റുകൾ സർക്കാരിനോടു നിരന്തരം ആവശ്യപ്പെട്ടത്.
എൻഎസ്എസ് മാനേജ്മെന്റിലെ നിയമനങ്ങൾ റെഗുലറൈസ് ചെയ്ത ഉത്തരവിന്റെ ആനുകൂല്യം മറ്റു മാനേജ്മെന്റുകളിലെ നിയമനങ്ങൾക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ട് സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും മുഖ്യമന്ത്രിക്കു കത്തു നൽകിയിരുന്നു.
കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും ഈ വിഷയത്തിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിലുമായും ആശയവിനിമയം നടത്തിയിരുന്നു.
ഈ വിഷയത്തിൽ സർക്കാർ നേരത്തെ സ്വീകരിച്ച ഇരട്ടനീതിക്കെതിരേ കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങളും നടന്നിരുന്നു. വൈകിയാണെങ്കിലും ധാർമിക പ്രതിഷേധ സമരങ്ങളെയും നീതിയുറപ്പാക്കുന്നതിനുള്ള ആവശ്യങ്ങളെയും സർക്കാർ പരിഗണിച്ചുവെന്നത് ജനാധിപത്യത്തിന്റെ വിജയംതന്നെയാണ്. സർക്കാരിന്റെ തുറന്ന സമീപനത്തെ സീറോമലബാർ സഭ സ്വാഗതം ചെയ്യുന്നതായും സഭാ വക്താവ് വ്യക്തമാക്കി.
സ്വാഗതം ചെയ്ത് കെസിബിസി
തിരുവനന്തപുരം: കേരളത്തിലെ എയിഡഡ് സ്കൂളുകളിലെ അധ്യാപക നിയമനാംഗീകാരത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ സർക്കാർ പ്രതിനിധികളുടെ യോഗത്തിൽ അനുകൂലമായ തീരുമാനം കൈക്കൊണ്ടതിനെ കേരള കാത്തലിക് ബിഷപ്സ് കൗണ്സിൽ (കെസിബിസി) സ്വാഗതം ചെയ്തു.
ഭിന്നശേഷി നിയമന സംവരണവുമായി ബന്ധപ്പെട്ട് നിയമനാംഗീകാരം ലഭിക്കാത്ത പതിനാറായിരത്തിലധികം അധ്യാപകർക്ക് ഇത് ആശ്വാസമാകുമെന്നത് സന്തോഷകരമാണെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.
സുപ്രീം കോടതി വിധിക്കനുസൃതമായി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാകുന്ന തരത്തിൽ നിയമനാംഗീകാരം നൽകാൻ തീരുമാനിച്ചതിൽ സർക്കാരിനോടുള്ള നന്ദി അറിയിക്കുന്നു.
മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും കെസിബിസി അധ്യക്ഷനെന്ന നിലയിൽ തന്നോടും മറ്റു പിതാക്കന്മാരോടും നടത്തിയ ചർച്ചയിൽ പ്രകടമാക്കിയ അനുകൂല നിലപാടിന് നന്ദി.
ഭിന്നശേഷി ഉദ്യോഗാർഥികളുടെ അവകാശങ്ങൾ പൂർണമായി സംരക്ഷിച്ചുകൊണ്ടും അധ്യാപകസമൂഹത്തിന്റെയും മാനേജ്മെന്റുകളുടെയും ന്യായമായ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടും ഒരു സമഗ്രമായ പരിഹാരം നിർദേശിച്ചതിൽ മുഖ്യമന്ത്രിയോടും പൊതുവിദ്യാഭ്യാസ മന്ത്രിയോടും ഇതിൽ ഭാഗഭാക്കായ എല്ലാ ഉദ്യോഗസ്ഥരോടും കേരള കത്തോലിക്കാ സഭയുടെ നാമത്തിൽ പ്രത്യേകം നന്ദി അറിയിക്കുന്നതായി കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് അറിയിച്ചു.