ശിരോവസ്ത്രം ധരിക്കണമെന്ന് വിദ്യാർഥിനി ; പള്ളുരുത്തിയിൽ സ്കൂളിന്റെ പ്രവർത്തനം തടസപ്പെട്ടു
Tuesday, October 14, 2025 1:41 AM IST
കൊച്ചി: ശിരോവസ്ത്രം (ഹിജാബ്) ധരിക്കണമെന്ന വിദ്യാർഥിനിയുടെ ആവശ്യവും അതിനായി ഒരു വിഭാഗത്തിന്റെ സമ്മർദവും സ്കൂളിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തി. പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളാണ് ശിരോവസ്ത്രത്തിന്റെ പേരിലുള്ള ഒരു വിഭാഗത്തിന്റെ പിടിവാശിയിൽ താത്കാലികമായി അടച്ചിടേണ്ടിവന്നത്.
സ്കൂളിലെ അച്ചടക്കത്തിന്റെ ഭാഗമായുള്ള യൂണിഫോം വസ്ത്രധാരണത്തെ മാനിക്കാതെ, എട്ടാം ക്ലാസ് വിദ്യാർഥിനി മാത്രം ശിരോവസ്ത്രം ധരിച്ചു സ്കൂളിലെത്തുന്നത് അനുവദിക്കാനാവില്ലെന്ന് മാനേജ്മെന്റ് രക്ഷിതാക്കളോട് പറഞ്ഞിരുന്നു.
വിദ്യാർഥിനിയെ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഒരു സംഘടനയുടെ പ്രവർത്തകരെന്ന് അവകാശപ്പെട്ട് ചിലർ സ്കൂളിലെത്തി ബഹളമുണ്ടാക്കി.
സ്കൂളിലേക്ക് അതിക്രമിച്ചു കയറിയ ഇവരെ പോലീസെത്തിയാണ് മാറ്റിയത്. സ്കൂളിന്റെ പരാതിയിൽ ഇവർക്കെതിരേ പള്ളുരുത്തി പോലീസ് കേസെടുത്തിട്ടുണ്ട്. എസ്ഡിപിഐ തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ളവരാണ് ബഹളമുണ്ടാക്കിയതെന്ന് പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ ആരോപിച്ചു.
ഈ അധ്യയനവർഷം പ്രവേശനം നേടിയ വിദ്യാർഥിനി കഴിഞ്ഞ നാലു മാസത്തോളം സ്കൂളിലെ പൊതുവായ നിയമങ്ങൾ പാലിച്ച് ശിരോവസ്ത്രം ഒഴിവാക്കിയാണു സ്കൂളിലെത്തിയിരുന്നത്. പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നലെയും ഇന്നും സ്കൂളിന് അവധി നൽകിയതായി പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന അറിയിച്ചു.
അതേസമയം, ശിരോവസ്ത്രം ധരിച്ചു മാത്രമേ മകളെ സ്കൂളിലയ്ക്കാനാകൂ എന്നാണ് വിദ്യാർഥിനിയുടെ മാതാപിതാക്കളുടെ നിലപാട്. അഗസ്റ്റീനിയൻ സന്യാസിനീ സമൂഹത്തിന്റെ നേതൃത്വത്തിൽ 30 വർഷത്തോളമായി പ്രവർത്തിക്കുന്ന പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂൾ പശ്ചിമകൊച്ചിയിലെ മികച്ച പഠനാന്തരീക്ഷമുള്ള സിബിഎസ്ഇ വിദ്യാലയങ്ങളിലൊന്നാണ്. പ്രീ കെജി മുതൽ പത്താം ക്ലാസ് വരെ വ്യത്യസ്ത മതവിഭാഗങ്ങളിലുള്ള 450 ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്.
നാലു മാസത്തിനു ശേഷം ശിരോവസ്ത്രം!
സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തെക്കുറിച്ചു പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ വിശദീകരിക്കുന്നത് ഇങ്ങനെ:
എല്ലാ വിദ്യാർഥികൾക്കുമുള്ള യൂണിഫോം വസ്ത്രധാരണ രീതി മാനിക്കാതെ ശിരോവസ്ത്രം ധരിക്കുമെന്നു നിർബന്ധം പിടിക്കുന്ന വിദ്യാർഥിനി ഈ വർഷമാണ് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ ചേർന്നത്. പ്രവേശനദിവസം തന്നെ, സ്കൂളിലെ അച്ചടക്കത്തിന്റെ ഭാഗമായുള്ള പൊതുവായ ചിട്ടകളും നിയമങ്ങളും വിദ്യാർഥിയെയും രക്ഷിതാക്കളെയും അറിയിച്ചിരുന്നു. അവർ അത് അംഗീകരിക്കുകയും ചെയ്തതാണ്.
ആദ്യദിവസങ്ങളിൽ തന്നെ യൂണിഫോം സംബന്ധിച്ച സ്കൂളിലെ അച്ചടക്കം തെറ്റിച്ചപ്പോൾ സ്കൂൾ അധികൃതർ വിദ്യാർഥിയോടും രക്ഷിതാക്കളോടും സംസാരിച്ചു. തുടർന്ന് കഴിഞ്ഞ നാലു മാസം മറ്റു വിദ്യാർഥികളുടേതുപോലെ തന്നെ ഈ വിദ്യാർഥിനിയും കൃത്യമായ വസ്ത്രധാരണമാണ് പിന്തുടർന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലാണ് ശിരോവസ്ത്രം ധരിക്കുന്നതിനു വിദ്യാർഥിനി നിർബന്ധം പിടിച്ചത്.
കഴിഞ്ഞ നാലു മാസക്കാലം എങ്ങനെയാണോ വിദ്യാർഥിനി സ്കൂളിൽ എത്തിയത് അതേ അച്ചടക്കത്തോടും യൂണിഫോമിലും മറ്റു വിദ്യാർഥികളെപ്പോലെ എത്തണമെന്നാണ് മാനേജ്മെന്റിന് പറയാനുള്ളത്. സ്കൂളിൽ എല്ലാ വിദ്യാർഥികളും ഒന്നാണ്. മത, ജാതി വിവേചനം ഇവിടെ ആർക്കുമില്ല. കുട്ടിയെ സ്കൂളിൽതന്നെ മികച്ച രീതിയിൽ പഠിപ്പിക്കണമെന്നാണ് ആഗ്രഹം. പൊതുവായ അച്ചടക്കം പാലിക്കുകയെന്നത് എല്ലാ വിദ്യാർഥികൾക്കും ഒരു പോലെ ബാധകമാണ്.
രണ്ടു ദിവസം അവധി
പള്ളുരുത്തി: കുട്ടികളുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനും അടുത്ത ദിവസം ആരംഭിക്കുന്ന പരീക്ഷയ്ക്ക് ഒരുങ്ങുന്നതിനുമായി രണ്ടു ദിവസം സ്കൂളിന് അവധി നൽകിയിരിക്കുകയാണെന്നു പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന പറഞ്ഞു. നേരത്തേ അറിയിച്ചിരുന്നതുപോലെ 15ന് കുട്ടികളുടെ പരീക്ഷ നടക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
സ്കൂളിനു പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനി ഹിജാബ് ധരിച്ചെത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്കൂളിലും പരിസരത്തും ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സംരക്ഷണം ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ നൽകിയ ഹർജിയിയിലാണ് ജസ്റ്റീസ് എൻ. നഗരേഷിന്റെ ഉത്തരവ്.
സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും പെൺകുട്ടിയുടെ രക്ഷിതാവായ പി.എം. അനസിനും കോടതി നോട്ടീസയച്ചു. പോലീസിന് ഇടക്കാല ഉത്തരവ് നൽകിയ ഹൈക്കോടതി, ഹർജി നവംബർ 10ന് വീണ്ടും പരിഗണിക്കും.
മതേതരവിരുദ്ധ അജൻഡകള്‍ അനുവദിക്കാനാവില്ല: വി.സി. സെബാസ്റ്റ്യൻ
കൊച്ചി: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യംവച്ചുള്ള മത തീവ്രവാദ അജൻഡകള്‍ അനുവദിച്ചു കൊടുക്കാനാവില്ലെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍.
യൂണിഫോമിന്റെ പേരില്‍ സംഘടിത തീവ്രവാദത്തിലൂടെ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂള്‍ അടച്ചിടുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ജനാധിപത്യ-മതേതരത്വ ഭരണസംവിധാനത്തെ അവഹേളിക്കുന്നതും ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളെ വെല്ലുവിളിക്കുന്നതുമാണ്. ഭാവി തലമുറയെ ബലിയാടാക്കിയുള്ള ഇത്തരം തീവ്രവാദ കടന്നാക്രമണങ്ങളെ എന്തുവിലകൊടുത്തും എതിര്‍ക്കുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
കെസിവൈഎം അപലപിച്ചു
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ നടന്ന അതിക്രമത്തെയും അക്രമികൾ സ്കൂളിൽ സൃഷ്ടിക്കാൻ ശ്രമിച്ച ഭീകരാന്തരീക്ഷത്തെയും കെസിവൈഎം (ലാറ്റിൻ) അപലപിച്ചു.
മതപരമായ ചിഹ്നം യൂണിഫോമിന്റെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട്, സ്കൂളിന്റെ നിയമങ്ങൾ ലംഘിച്ച് ഒരുകൂട്ടം വർഗീയവാദികൾ സ്കൂളിലേക്ക് അതിക്രമിച്ചുകയറി ബഹളമുണ്ടാക്കിയത് തികച്ചും പ്രതിഷേധാർഹമാണ്.
വിദ്യാഭ്യാസം, അച്ചടക്കം, മതേതരമായ അന്തരീക്ഷം എന്നിവയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം യാതൊരു കാരണവശാലും അനുവദിക്കാനാവില്ല. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സമാധാനപരമായ അന്തരീക്ഷം നിലനിർത്താനും അധികാരികൾ ശ്രദ്ധിക്കണമെന്നും കെസിവൈഎം ആവശ്യപ്പെട്ടു.
സ്കൂൾ യൂണിഫോം: ഹൈക്കോടതി 2018ൽ പറഞ്ഞത്
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം ഏതായിരിക്കണമെന്നു നിശ്ചയിക്കുന്നതിന് മാനേജ്മെന്റിന് പൂര്‍ണ അധികാരമുണ്ടെന്ന് നേരത്തേ കേരള ഹൈക്കോടതി വിധിയുണ്ട്.
2018 ല്‍ ജസ്റ്റീസ് മുഹമ്മദ് മുഷ്താഖാണ് ഈ വിഷയത്തിലുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കര്‍ണാടക ഹൈക്കോടതിയിൽനിന്ന് 2022ല്‍ സമാനമായ ഉത്തരവുണ്ടായിരുന്നു.