യുഡിഎഫിൽ ചേരാൻ താത്പര്യപ്പെട്ട് സി.കെ. ജാനു
Tuesday, October 14, 2025 1:23 AM IST
തിരുവനന്തപുരം: യുഡിഎഫിൽ പ്രവേശനം തേടി സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി ജാനു ചർച്ച നടത്തി.
ജാനുവിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്ന വിഷയം കഴിഞ്ഞ യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്തതായാണു വിവരം. എന്നാൽ ചില കോണ്‍ഗ്രസ് നേതാക്കൾക്ക് ഇവരെ മുന്നണിയിൽ എടുക്കുന്നതിനോടു യോജിപ്പില്ല. മുസ്ലിംലീഗിനും താത്പര്യക്കുറവ് ഉണ്ടെന്നാണു സൂചന.
എൻഡിഎ ഘടകകക്ഷിയായ ജനാധിപത്യ രാഷ്ട്രീയ പാർട്ടി രണ്ടു മാസം മുന്‍പാണ് എൻഡിഎ വിട്ടത്. ജാനുവിനെ സഹകരിപ്പിക്കുന്നതിനോട് പ്രിയങ്ക ഗാന്ധിക്കു താത്പര്യമുണ്ടെന്നാണ് അറിയുന്നത്. ആദിവാസി വിഭാഗത്തിൽ പ്പെട്ടവരുടെ ഒരു പാർട്ടി എൻഡിഎ വിട്ട് കോണ്‍ഗ്രസ് മുന്നണിയിലേക്കു വരുന്നത് ദേശീയതലത്തിൽ തന്നെ കോണ്‍ഗ്രസിനു ഗുണം ചെയ്യുമെന്നാണ് പ്രിയങ്ക ഗാന്ധിയുടെ പക്ഷം.
നിയമസഭാ തെരഞ്ഞെടുപ്പിലേക്കു കടക്കുന്പോൾ ചെറിയ ഗ്രൂപ്പുകളുടെ വോട്ടുപോലും നിർണായകമാകുമെന്ന് അഭിപ്രായപ്പെടുന്നവരും കോണ്‍ഗ്രസിലുണ്ട്. ഘടകകക്ഷിയായി മുന്നണിയിൽ ഉൾപ്പെടുത്തണമെന്നാണ് ജാനു ആഗ്രഹിക്കുന്നത്. എന്നാൽ കെ.കെ. രമയുടെ ആർഎംപിയുടേതു പോലെ മുന്നണിയുമായി സഹകരിക്കുന്ന പാർട്ടി എന്ന നിലയിൽ അവരെ സഹകരിപ്പിക്കാനാണു സാധ്യത.