അരനൂറ്റാണ്ടിനുശേഷം തൃശൂരിലേക്ക് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദവി
Tuesday, October 14, 2025 1:20 AM IST
തൃശൂർ: വി.എം. സുധീരനുശേഷം തൃശൂരിൽനിന്നു യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായി ഒ.ജെ. ജനീഷ്. 1975ൽ പ്രസിഡന്റായ സുധീരൻ രണ്ടുവർഷം യുവജനവിഭാഗത്തെ നയിച്ചു. അരനൂറ്റാണ്ടിനുശേഷമാണ് തൃശൂരിലേക്കു പദവിയെത്തുന്നത്.
2023 മുതൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് മാള കുഴൂർ സ്വദേശി ജനീഷ്. കെഎസ്യുവിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്. പെരുന്പാവൂർ പോളിടെക്നിക്കിലെ കെഎസ്യു യൂണിറ്റ് പ്രസിഡന്റായിരുന്നു.
2007ൽ കെഎസ്യു മാള നിയോജകമണ്ഡലം പ്രസിഡന്റും 2012ൽ തൃശൂർ ജില്ലാ വൈസ് പ്രസിഡന്റുമായി. 2017ൽ കെഎസ്യു തൃശൂർ ജില്ലാ പ്രസിഡന്റായി. 2010 മുതൽ 2012 വരെ യൂത്ത് കോണ്‍ഗ്രസ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, 2020-23വരെ തൃശൂർ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
പാലിയേക്കരയിലെ ടോൾ പിരിവിനെതിരായ സമരത്തിലടക്കം തെരുവിലും കോടതിയിലും പോരാടി. ടോൾ പിരിവു നിർത്തിവയ്ക്കുന്നതിലേക്കു നയിച്ച കോടതി ഉത്തരവിലെ പരാതിക്കാരിൽ ഒരാളും ജനീഷാണ്.
രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ച് ഒന്നര മാസത്തിനുശേഷമാണ് ജനീഷിന്റെ നിയമനം.