പേരാമ്പ്ര സംഘര്‍ഷം: പോലീസിനു നേരേ എറിഞ്ഞ സ്ഫോടകവസ്തുവിന്റെ തെളിവു ശേഖരിക്കാന്‍ പരിശോധന
Wednesday, October 15, 2025 12:34 AM IST
കോഴിക്കോട്: കോളജ് യൂണിയന് തെരഞ്ഞെടുപ്പ് വിജയാഘോഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസിനു നേരേ യുഡിഎഫ് പ്രവര്‍ത്തകർ വലിച്ചെറിഞ്ഞ സ്ഫോടക വസ്തുവിന്റെ തെളിവു ശേഖരിക്കാന്‍ ഫോറന്‍സിക് പരിശോധനയുമായി പോലീസ്. വടകര റൂറല്‍ എസ്പി കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലാണു സംഘര്‍ഷമുണ്ടായ സ്ഥലത്ത് ഫോറന്‍സിക് വിഭാഗം പരിശോധന നടത്തിയത്.
ഷാഫി പറമ്പില്‍ എംപിയുടെ മൂക്ക് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പോലീസ് പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴാണ് പോലീസുകാര്‍ക്കുനേരേ വലിച്ചെറിഞ്ഞ സ്ഫോടകവസ്തു പൊട്ടിത്തെറിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നത്. സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും എഫ്ഐആറില്‍ ആളുകളെ പ്രതിചേര്‍ത്തിട്ടില്ല.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിയമനടപടി സ്വീകരിക്കുന്നതിനാണു പോലീസ് പരിശോധന നടത്തിയത്. ഫോറന്‍സിക് വിഭാഗത്തിനു പുറമേ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലപരിശോധന നടത്തി. ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു പരിശോധന.
ഒക്ടോബര്‍ 10ന് രാത്രിയാണ് സംഘര്‍ഷമുണ്ടായത്. അതിനു പിന്നാലെ പേരാമ്പ്ര ടൗണില്‍ ശക്തമായ മഴ പെയ്തിരുന്നു. തൊട്ടടുത്ത ദിവസവും മഴ പെയ്തതിനാല്‍ പൊട്ടിയ സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങള്‍ ഒഴുകിപ്പോകാനുള്ള സാധ്യത കണക്കിലെടുത്തുതന്നെയാണ് പരിശോധന നടത്തിയത്.
സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായാല്‍ യുഡിഎഫ് പ്രതിരോധത്തിലാകും. ഏകപക്ഷീയമായി യുഡിഎഫ് പ്രവര്‍ത്തകരെ മര്ദിച്ചുവെന്നതടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്ന പോലീസിന് നേരിയ ആശ്വാസവുമേകും.
സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപി, പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി സംഭവ ദിവസം വൈകുന്നേരം 5.45 മുതല്‍ 8.30 വരെ പകര്‍ത്തിയ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സ്ഫോടക വസ്തു എറിഞ്ഞത് യുഡിഎഫ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നാണെന്ന സൂചന പോലീസിനു ലഭിച്ചത്.
കോഴിക്കോട് റൂറല്‍ എസ്പിയുടെ കീഴിലുള്ള ഫോറന്‍സിക് വിഭാഗമാണ് പരിശോധന നടത്തിയത്. പേരാമ്പ്ര ഡിവൈഎസ്പി എന്‍. സുനില്‍കുമാര്‍, പേരാമ്പ്ര പോലീസ് ഇന്‍സ്പക്ടര്‍ പി. ജംഷീദ് എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നല്കി.
പേരാമ്പ്ര സികെജി കോളജ് യൂണിയന് തെരഞ്ഞെടുപ്പ് വിജയ ആഘോഷങ്ങളുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ട സംഭവങ്ങളെത്തുടര്‍ന്ന് പോലീസ് കണ്ണീര് വാതകവും ഗ്രനേഡും പ്രയോഗിച്ചിരുന്നു. സംഘര്‍ഷത്തിനിടെ പോലീസുകാര്‍ ഷാഫി പറമ്പിലിനെ ലാത്തികൊണ്ടടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.