ജിഎസ്ടി ലോട്ടറിമേഖലയ്ക്ക് വലിയ ആഘാതം: മുഖ്യമന്ത്രി
Tuesday, October 14, 2025 3:06 AM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ജിഎസ്ടി നിരക്ക് പരിഷ്കരണം സംസ്ഥാനത്തെ ലോട്ടറി മേഖലയ്ക്ക് വൻ ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലോട്ടറി ടിക്കറ്റിലുള്ള ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 40 ശതമാനം ആയിട്ടാണ് കേന്ദ്രസർക്കാർ ഒറ്റയടിക്ക് വർധിപ്പിച്ചത്.
ധനമന്ത്രിയുമായി നേരിട്ടും കത്തുകൾ മുഖേനയും കേന്ദ്ര ധനകാര്യ വകുപ്പിനോടും ജിഎസ്ടി കൗണ്‍സിലിനോടും ലോട്ടറിയുടെ ജിഎസ്ടി വർധിപ്പിക്കരുതെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അതെല്ലാം നിരാകരിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
അതാണ് ലോട്ടറി മേഖലയിൽ നികുതി വർധനവിന് കാരണമായത്. ലോട്ടറി ജിഎസ്ടി കേന്ദ്രസർക്കാർ വർധിപ്പിച്ചെങ്കിലും ടിക്കറ്റിന്റെ വില 50 രൂപയായി തന്നെ നിലനിർത്താനാണ് സംസ്ഥാനസർക്കാർ തീരുമാനിച്ചത്.
അതിന്റെ ഫലമായി ഒരു ഭാഗ്യക്കുറി ടിക്കറ്റിനുമേൽ സർക്കാരിന് 3.35 രൂപ റവന്യു വരുമാനത്തിൽ കുറവുണ്ടാകും. ഒരു ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഇത്തരത്തിൽ 3.35 കോടി രൂപയുടെ കുറവാണ് സർക്കാരിന് ഉണ്ടാവുക. നിരക്ക് പരിഷ്കരണം ലോട്ടറി മേഖലയിലെ തൊഴിലാളികളെ ബാധിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.