മകന് ഇഡി നോട്ടീസ് കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി
Tuesday, October 14, 2025 3:06 AM IST
തിരുവനന്തപുരം: തന്റെ മകന് എൻഫോഴ്സ്മെന്റ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും മര്യാദയ്ക്ക് ജോലി യെടുത്തു ജീവിക്കുന്ന ആളെ വിവാദത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
മുഖ്യമന്ത്രിയുടെ മകന് ഇ.ഡി നോട്ടീസ് അയച്ചുവെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്ലിഫ് ഹൗസിൽ അത്തരത്തിലൊരു ഇഡി നോട്ടീസ് ലഭിച്ചിട്ടില്ല. എവിടെയാണ് ഏജൻസിയുടെ സമൻസ് കൊടുത്തത്, ആരുടെ കൈയിലാണ് കൊടുത്തത്, ആർക്കാണ് അയച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു.
താൻ നടത്തിയ രാഷ്ട്രീയ പ്രവർത്തനം സുതാര്യമാണ്. ജീവിതം കളങ്കരഹിതമായി കൊണ്ടുപോകാനാണ് ശ്രമം. ചില ഭാഗത്തുനിന്നും കളങ്കിതനാക്കാനുള്ള ശ്രമം നടക്കുന്പോൾ ശാന്തനായാണ് പ്രതികരിച്ചത്.
മകനെ നിങ്ങൾ ആരെങ്കിലും ഇവിടെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ച മുഖ്യമന്ത്രി, മകന് ക്ലിഫ് ഹൗസിൽ എത്ര മുറി ഉണ്ടെന്നുപോലും അറിയില്ലെന്നും വ്യക്തമാക്കി. ഒരു ദുഷ്പേരും മക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ചില ആരോപണങ്ങൾ മകൾക്കെതിരേ കൊണ്ടുവന്നു. അത് ഏശുന്നില്ലെന്നു കണ്ടപ്പോൾ മകനെതിരേ വിവാദം.
ആ ചെറുപ്പക്കാരൻ മര്യാദയ്ക്ക് ജോലി ചെയ്താണ് ജീവിക്കുന്നത്. തെറ്റായ ഒരു കാര്യത്തിനും ഇതേവരെ പോയിട്ടില്ല. ഒരു ദുഷ്പേരും ഉണ്ടാക്കിയിട്ടില്ല. ഇഡി സമൻസ് ഞങ്ങൾ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.