അരുന്ധതി റോയിയുടെ പുസ്തകം വില്‍പ്പന തടയണമെന്ന ഹര്‍ജി തള്ളി
Tuesday, October 14, 2025 1:20 AM IST
കൊച്ചി: അരുന്ധതി റോയിയുടെ ‘മദര്‍ മേരി കംസ് ടു മീ’ എന്ന പുസ്തകത്തിന്റെ വിൽപ്പന തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
പുകവലി മുന്നറിയിപ്പില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണെന്നാരോപിച്ച് ഹൈക്കോടതി അഭിഭാഷകനായ രാജസിംഹന് നല്കിയ പൊതുതാത്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് തള്ളിയത്.
2003ലെ സിഗരറ്റ്സ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്ട്സ് ആക്ട് പ്രകാരം രൂപീകരിച്ച, വിദഗ്ധരടങ്ങുന്ന സ്റ്റിയറിംഗ് കമ്മിറ്റിയാണ് വിഷയം പരിഗണിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.
ഹര്ജിക്കാരന് അഭിഭാഷകനാണെങ്കിലും പുസ്തകം നേരില്‍ക്കണ്ടു പരിശോധിക്കാതെയാണ് കോടതിയെ സമീപിച്ചതെന്ന് ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. പൊതുതാത്പര്യ ഹര്‍ജികളെ സ്വന്തം പബ്ലിസിറ്റിക്കുള്ള മാര്‍ഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
പുകവലി ചിത്രം പ്രതീകാത്മകമാണെന്ന് പുറംചട്ടയില്‍ നല്‍കിയിരിക്കുന്ന അറിയിപ്പ് ഹര്ജിക്കാരന് ശ്രദ്ധിച്ചില്ല. വാദങ്ങള്‍ നിയമപരമല്ലെന്നും ഇത്തരം പരാതികള്‍ പരിശോധിക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റിയെക്കുറിച്ച് ഹര്‍ജിയില്‍ പരാമര്‍ശമില്ലെന്നും കോടതി പറഞ്ഞു.
സ്റ്റിയറിംഗ് കമ്മിറ്റിയില്‍ വിശ്വാസമില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ചെയര്‍പേഴ്സണും വിവിധ വകുപ്പുകളിലെ ജോയിന്റ് സെക്രട്ടറിമാരും വിദഗ്ധരും എംപിയും ഉള്‍പ്പെടുന്ന സമിതി ശക്തമാണെന്ന് കോടതി വിലയിരുത്തി.