ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഹൈദരാബാദിലേക്കും
Tuesday, October 14, 2025 3:06 AM IST
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിലെ ഗൂഢാലോചനയുടെയുൾപ്പെടെ വിവരങ്ങൾ തേടാൻ അന്വേഷണ സംഘം ഹൈദരാബാദിലേക്ക്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് ഹൈദരാബാദ് സ്വദേശി നാഗേഷിലേക്കാണ് അന്വേഷണം നീളുന്നത്.
ശബരിമലയിൽ നിന്നും ഇളക്കിക്കൊണ്ടു പോയ ദ്വാരപാലക പാളികൾ ആദ്യം ഹൈദരാബാദിലെ നാഗേഷിന്റെ സ്വർണപ്പണി ചെയ്യുന്ന സ്ഥാപനത്തിലേക്കാണ് എത്തിച്ചതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ഒരു മാസത്തിലേറെയാണ് സ്വർണപ്പാളികൾ ഇവിടെ സൂക്ഷിച്ചത്. അതിനു ശേഷം നാഗേഷ് തന്നെയാണ് ബംഗളൂരുവിലെ സ്മാർട്ട് ക്രിയേഷൻസിൽ സ്വർണം പൂശുന്നതിനായി പാളികൾ എത്തിച്ചതെന്നും, ഇവിടെ എത്തിച്ചപ്പോൽ പാളികളിലെ സ്വർണത്തിന്റെ അളവിൽ കുറവുണ്ടായിരുന്നതുമായുള്ള ദേവസ്വം വിജിലൻസ് റിപ്പോർട്ടിലെ തെളിവുകളുടെ ചുവടുപിടിച്ചാണ് പ്രത്യേക അന്വേഷണ സംഘം നീങ്ങുന്നത്.
2019 ജൂലൈയിൽ ഇളക്കിക്കൊണ്ടു പോയ പാളികൾ തിരികെ കൊണ്ടുവന്നു സ്ഥാപിച്ചത് ഒരുമാസത്തിനു ശേഷമാണ്. ആദ്യം പാളികൾ കൊണ്ടുപോയ ഹൈദരാബാദിൽ വച്ച് സ്വർണം ഉരുക്കി മാറ്റിയതായാണ് സംശയിക്കുന്നത്.
യഥാർഥ പാളിക്കു പകരം വ്യാജ ചെന്പുപാളികൾ ഹൈദരാബാദിൽ വച്ച് നിർമിച്ച് ബാംഗളൂരിലെത്തിച്ച് സ്വർണം പൂശുകയായിരുന്നെന്നും, ഇത്തരത്തിലുണ്ടാക്കിയ വ്യാജ പാളികളാണ് 2019ൽ തിരികെ ശബരിമലയിൽ സ്ഥാപിച്ചതെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണ സംഘം. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി നിലവിലെ പാളികളുടെ ശാസ്ത്രീയ പരിശോധന അടക്കം നടത്താനും ആലോചനയുണ്ട്.
ദ്വാരപാലക ശിൽപമുള്ള സ്വർണപ്പാളി മുഴുവനായി കടത്തുകയും വ്യാജപാളി തിരികെ കൊണ്ടുവന്ന് വയ്ക്കുകയുമായിരുന്നെന്നുമാണ് ദേവസ്വം വിജിലൻസ് അന്തിമ റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ചിരുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതിനു മുൻപ് ഉണ്ണികൃഷ്ണൻ പോറ്റിയെ നോട്ടീസ് നൽകി വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ശബരിമലയിലെത്തിയ പ്രത്യേക അന്വേഷണ സംഘാംഗങ്ങൾ കവർച്ചയുമായി ബന്ധപ്പെട്ട വിവിധ രേഖകൾ പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.അന്വേഷണ പുരോഗതി വിലയിരുത്താൻ സംഘത്തലവൻ എഡിജിപി എച്ച്. വെങ്കിടേഷ് ഇന്നോ നാളെയോ ശബരിമലയിലെത്തും.
സ്വന്തമായി ഒരു രൂപ പോലും വരുമാനമില്ലാത്ത ആളാണ് ഉണ്ണികൃഷ്ണൻ പോറ്റിയെന്ന കണ്ടെത്തലിൽ ബാങ്ക് രേഖകൾ അടക്കം പരിശോധിച്ച് വ്യക്തത വരുത്തിയിട്ടുണ്ട്.
സ്വന്തമായി വരുമാനമില്ലാത്ത ഒരാൾ എങ്ങനെയാണ് ശബരിമലയിൽ ഇത്രയും വലിയ സ്പോണ്സർഷിപ്പുകൾ നൽകുന്നതെന്ന കാര്യത്തിലും പരിശോധന നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ പോറ്റിയെ മുന്നിൽ നിർത്തി മറ്റൊരു സംഘം കവർച്ച ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.