ബിജെപിയെ സഹായിച്ചതിനു പിന്നിൽ സമൻസാണോയെന്ന് വി.ഡി. സതീശൻ
Tuesday, October 14, 2025 1:20 AM IST
തൃശൂർ: പൂരം കലക്കിയതിനും ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സിപിഎം ബിജെപിയെ സഹായിച്ചതിനും പിന്നിൽ മുഖ്യമന്ത്രിയുടെ മകന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ സമൻസാണോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കുടുംബാംഗത്തിനെതിരായ ആരോപണത്തിലെ സത്യാവസ്ഥ പറയാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും സതീശൻ ചാവക്കാട് മാധ്യമപ്രവർത്തകരോടു പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ് നൽകിയിട്ടും അത് മൂടിവച്ചു. നോട്ടീസ് അയച്ചതിനുശേഷം ഇഡി ഒരു നടപടിയും എടുത്തില്ല. സമൻസ് അയയ്ക്കാൻ ഒരു തുടക്കമുണ്ടാകണം. പിന്നീട് ആ തുടക്കം എങ്ങനെയാണ് ഇല്ലാതായത്? അത് ഇല്ലാതായെന്നാണ് എം.എ. ബേബി പ്രതികരിച്ചിരിക്കുന്നത്. അത് അദ്ദേഹം എങ്ങനെ അറിഞ്ഞുവെന്നും എങ്ങനെയാണ് ഇഡിയുടെ നോട്ടീസ് ഇല്ലാതാകുന്നതെന്നും സതീശൻ ചോദിച്ചു. മുഖ്യമന്ത്രി പാർട്ടി നേതൃത്വത്തോടോ മന്ത്രിമാരോടോ മാധ്യമങ്ങളോടോ ഇതേക്കുറിച്ചു പറയാതെ മൂടിവച്ച് സെറ്റിൽ ചെയ്യുകയായിരുന്നു.
ശബരിമലയിലെ സ്വർണക്കവർച്ചയിലും ദ്വാരപാലകശില്പം കോടീശ്വരനു വിറ്റതിലും ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട് പ്രതിപക്ഷ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ്.
ദേവസ്വം ബോർഡ് പ്രതിയായത് സിപിഎം പ്രതിയാകുന്നതിനു തുല്യമാണ്. അന്നത്തെ മന്ത്രിയെക്കൂടി ഉൾപ്പെടുത്തി കേസ് അന്വേഷിക്കണം. സതീശൻ പറഞ്ഞു.