ഇലക്ടറൽ ബോണ്ട്: നടപടിക്രമങ്ങൾ പുറത്തുവിടാൻ വിസമ്മതിച്ച് എസ്ബിഐ
Wednesday, May 22, 2024 1:34 AM IST
ന്യൂഡൽഹി: വിവരാവകാശ നിയമ പ്രകാരം ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ വിവരങ്ങൾ പുറത്തുവിടാൻ എസ്ബിഐ വീണ്ടും വിസമ്മതിച്ചു.
വിവരാവകാശ നിയമം അനുസരിച്ച് ഇലക്ടറൽ ബോണ്ടിന്റെ നടപടിക്രമങ്ങൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് സന്നദ്ധപ്രവർത്തകയായ അഞ്ജലി ഭരദ്വാജാണ് ബാങ്കിനെ സമീപിച്ചത്. എന്നാൽ, ബാങ്കിന്റെ ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന കാര്യമാണിതെന്ന് ചൂണ്ടിക്കാട്ടി വിവരങ്ങൾ കൈമാറാൻ എസ്ബിഐ വിസമ്മതിച്ചു.
മാർച്ച് നാലിനാണ് വിവരങ്ങൾ പുറത്തുവിടണമെന്നവശ്യപ്പെട്ട് ആദ്യമായി ബാങ്കിനെ സമീപിച്ചത്. ബാങ്ക് ഈ ആവശ്യം നിരസിച്ചതിനു പിന്നാലെ ബാങ്കിന്റെ ഫസ്റ്റ് അപ്പലേറ്റ് അഥോറിറ്റിയെ (എഫ്എഎ) സമീപിക്കുകയായിരുന്നു.
എന്നാൽ മേയ് 17ന് എഫ്എഎയും വിവരങ്ങൾ കൈമാറാൻ തയാറാകാത്തതിനെത്തുടർന്ന് കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിക്കാൻ ഒരുങ്ങുകയാണ് അഞ്ജലി. ബാങ്കിന്റെ രഹസ്യാത്മകമായ കാര്യങ്ങൾ പുറത്തുവിടാൻ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എഫ്എഎ വിവരങ്ങൾ കൈമാറാതിരുന്നത്.
ഇത്തരം വിവരങ്ങൾ ബാങ്കിന്റെ ബൗദ്ധികസ്വത്താണെന്നും വിവരാവകാശ നിയമത്തിലെ സെക്ഷൻ 8(1)(റ) പ്രകാരം ഇത്തരം വിശദാംശങ്ങൾ പുറത്ത് വിടാൻ സാധിക്കില്ലെന്നുമാണ് എഫ്എഎയുടെ വിശദീകരണം.
ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ വ്യക്തതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അഞ്ജലി വിവരാവകാശ നിയമപ്രകാരം കൂടുതൽ വിവരങ്ങൾക്ക് ബാങ്കിനെ സമീപിച്ചത്.
ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പ്രസിദ്ധപ്പെടുത്താൻ കോടതി നിർദേശിച്ചിട്ടും നടപടിക്രമങ്ങളടക്കമുള്ള പല സുപ്രധാന വിവരങ്ങളും എസ്ബിഐ മറച്ചു വയ്ക്കുകയാണെന്നും ബാങ്ക് ഒളിച്ചുകളി തുടരുകയാണെന്നും അഞ്ജലി ആരോപിച്ചു.