നിയമങ്ങളെല്ലാം പാലിച്ചാൽ മാത്രം സ്റ്റാർലിങ്കിന് ലൈസൻസ്: ജ്യോതിരാദിത്യ സിന്ധ്യ
Wednesday, November 13, 2024 12:07 AM IST
ന്യൂഡൽഹി: സുരക്ഷാ മാനദണ്ഡങ്ങളടക്കം എല്ലാ നിയമങ്ങളും പാലിച്ചെങ്കിൽ മാത്രമേ സാറ്റലൈറ്റ് ഇന്റർനെറ്റ് കന്പനി സ്റ്റാർലിങ്കിന് ലൈസൻസ് അനുവദിക്കൂ എന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
അമേരിക്കൻ ശതകോടീശ്വരൻ ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് ഇപ്പോൾ ലൈസൻസ് ലഭിക്കുന്നതിനുള്ള സുരക്ഷാ പരിശോധനകൾക്കു വിധേയമാണെന്നും നടപടിക്രമങ്ങൾ പൂർത്തിയായതിനു ശേഷം ലൈസൻസ് നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സാറ്റലൈറ്റ് സ്പെക്ട്രം ലൈസൻസ് സംബന്ധിച്ചു റിലയൻസ് ജിയോ അടക്കമുള്ള ടെലികോം കന്പനികൾ എതിർപ്പുന്നയിക്കുന്പോഴാണ് സ്റ്റാർലിങ്കിന് ഉടൻതന്നെ ലൈസൻസ് അനുവദിക്കുമെന്ന തരത്തിൽ മന്ത്രിയുടെ പരാമർശങ്ങൾ.
ലേലത്തിന് പകരം ലൈസൻസിംഗ് സന്പ്രദായത്തിലൂടെ സ്പെക്ട്രം അനുവദിക്കണമെന്ന മസ്കിന്റെ ആവശ്യം ചട്ടവിരുദ്ധമാണെന്നാണ് ജിയോയുടെ ആരോപണം. സ്പെക്ട്രം ലൈസൻസ് അനുവദിച്ചാൽ വോയിസ് കോളും ഡാറ്റ സേവനങ്ങളും സ്റ്റാർലിങ്കിനു നൽകാൻ കഴിയുമെന്നിരിക്കേയാണ് ഇന്ത്യൻ ടെലികോം കന്പനികൾ സ്റ്റാർലിങ്കിനു ലൈസൻസ് നൽകുന്നതിൽ എതിർപ്പുന്നയിക്കുന്നത്.
നിലവിൽ ഭാരതി ഗ്രൂപ്പിന് ഉടമസ്ഥാവകാശമുള്ള വണ്‍ വെബിനും ജിയോ-എസ്ഇഎസ് സംയുക്ത സംരംഭമായ ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസിനും മാത്രമേ കേന്ദ്ര സർക്കാർ ലൈസൻസ് അനുവദിച്ചിട്ടുള്ളൂ.
ലൈസൻസ് ലഭിക്കുകയാണെങ്കിൽ രാജ്യത്തെ വാർത്താവിനിമയ സേവനങ്ങൾ നിയന്ത്രിക്കാനുള്ള അംഗീകാരം സ്റ്റാർലിങ്കിനു ലഭിക്കും.
നൂറിലധികം രാജ്യങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങളെത്തിക്കുന്ന സ്റ്റാർലിങ്ക് ഇന്ത്യയിലെത്തുകയാണെങ്കിൽ ഇന്റർനെറ്റിന്റെ വേഗം കൂടുകയും രാജ്യത്ത് ഇനിയും ഇന്റർനെറ്റ് ലഭ്യമല്ലാത്ത മേഖലകളിൽ സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് ലഭ്യമാക്കുകയും ചെയ്യാം. മത്സരം കൂടുന്നതോടെ ഇന്റർനെറ്റിന്റെ വില കുറയാനും സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്.