മലയാളി കരുത്ത്...
Wednesday, April 23, 2025 12:59 AM IST
കൊച്ചി: ദേശീയ ഫെഡറേഷന് സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം കരുത്തറിയിച്ച് മലയാളി താരങ്ങള്‍. ആദ്യ ദിനത്തിലെ മെഡല്‍ വരള്‍ച്ചയ്ക്ക് അറുതിവരുത്തി അഞ്ചു പേരാണ് ഇന്നലെ വെങ്കലമണിഞ്ഞത്.
പുരുഷന്മാരുടെ 400 മീറ്ററിൽ വയനാട് സ്വദേശി ടി.എസ്. മനു (46.39 സെക്കന്‍ഡ്), വനിതകളുടെ വിഭാഗത്തില്‍ കോഴിക്കോട് സ്വദേശി കെ. സ്നേഹ (53 സെക്കന്‍ഡ്), പുരുഷന്മാരുടെ ഹൈജംപില്‍ പത്തനംതിട്ട സ്വദേശി ഭരത് രാജ് (2.14 മീറ്റര്‍), 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോട് സ്വദേശി വി.കെ. മുഹമ്മദ് ലസാന് (14.17 സെക്കൻഡ്), പുരുഷ ലോംഗ്ജംപില് കൊല്ലം നിലമേല്‍ സ്വദേശി മുഹമ്മദ് അനീസ് യഹിയ (7.70മീറ്റർ) എന്നിവരാണ് വെങ്കല മെഡല്‍ നേടിയത്.
ആദ്യ മൂന്ന് പേര് കേരളത്തെ പ്രതിനിധീകരിച്ചപ്പോള്‍ ലസാന് ജെഎസ്ഡബ്ല്യു അക്കാഡമിക്കും അനീസ് റിലയന്‍സ് അക്കാഡമിക്കുമായാണ് മത്സരിച്ചത്. സ്നേഹയുടെ ആദ്യ ദേശീയ മെഡല്‍ നേട്ടമാണിത്. വനിതകളുടെ 400 മീറ്ററില്‍ ജിസ്ന മാത്യു ആറാമതായി (53.51).
100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് റിലയൻസ് അക്കാഡമിക്കുവേണ്ടി ജ്യോതി യരാജി സ്വര്‍ണം നേടി. 13.23 സെക്കന്‍ഡിലായിരുന്നു ഇന്ത്യയിലെ വേഗമേറിയ വനിതാ ഹര്‍ഡില്‍സ് താരത്തിന്റെ ഫിനിഷിംഗ്.
പുരുഷ 400 മീറ്ററിൽ തമിഴ്നാടിന്റെ ടി.കെ. വിശാല്‍ (46.19 സെക്കൻഡ്), ലോംഗ്ജംപില് തമിഴ്നാടിന്റെ തന്നെ പി. ഡേവിഡ് (7.94 മീറ്റർ), ഡിസ്കസ് ത്രോയില്‍ ഹരിയാനയുടെ നിര്‍ഭയ് സിംഗ് (58.13മീറ്റർ), ഹൈജംപില്‍ മഹാരാഷ്ട്ര യുടെ ഒളിമ്പ്യന്‍ സര്‍വേഷ് അനില്‍ കുശാരെ (2.26 മീറ്റർ), 110 ഹര്‍ഡില്‍സില്‍ മഹാരാഷ്ട്രയുടെ തേജസ് അശോക് ശിര്‍സെ (13.65 സെക്കൻഡ്) എന്നിവര്‍ സ്വര്‍ണം നേടി.
ഇന്ന് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഉള്‍പ്പെടെ ഏഴ് ഇനങ്ങളിലാണ് ഫൈനല്‍. ചാമ്പ്യന്‍ഷിപ്പ് നാളെ സമാപിക്കും.