ഒത്തുകളി ആരോപണം: നടപടി ആവശ്യപ്പെട്ട് രാജസ്ഥാന്
Wednesday, April 23, 2025 12:59 AM IST
ജയ്പുര്‍: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ തങ്ങള്‍ക്കെതിരേ ഒത്തുകളി ആരോപണം നടത്തിയ ബിജെപി എംഎല്‍എ ജയദീപ് ബിഹാനിക്ക് എതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രാജസ്ഥാന് റോയല്‍സ്.
രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന് അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനര്‍കൂടിയാണ് ജയദീപ് ബിഹാനി. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സ് രണ്ടു റണ്‍സിന് ലക്നോ സൂപ്പര്‍ ജയന്റ്സിനോടു പരാജയപ്പെട്ട മത്സരത്തിലാണ് ജയദീപ് ഒത്തുകളി ആരോപിച്ചത്.
ഒത്തുകളി ആരോപണം രാജസ്ഥാന് റോയല്‍സ് ഫ്രാഞ്ചൈസി ബിസിസിഐയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
19നു നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലക്നോ സൂപ്പര്‍ ജയന്റ്സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ രാജസ്ഥാന് റോയല്‍സിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.